NEWS UPDATE

6/recent/ticker-posts

യാസിന്‍ മാലിക്കിന് ജീവപര്യന്തം വിധിച്ച് എന്‍ഐഎ കോടതി; കശ്മീരില്‍ കനത്ത സുരക്ഷ

ന്യൂ ഡൽഹി: തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചു.[www.malabarflash.com]

യാസിൻ മാലിക്കിന് ഇരട്ട ജീവപര്യന്തം തടവിനും 10 വർഷം കഠിനതടവിനും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. എല്ലാ ശിക്ഷകളും ഒരേസമയം നടപ്പാക്കുമെന്ന് അഭിഭാഷകൻ ഉമേഷ് ശർമ്മ പറഞ്ഞു.യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ജഡ്ജി പ്രവീൺ സിംഗിന് മുമ്പാകെയാണ് ഏജൻസി ഈ ആവശ്യം ഉന്നയിച്ചിരുന്നത്. ലഭിക്കാവുന്നതിൽ ഏറ്റവും ചെറിയ ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് മാലിക്കിനെ സഹായിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസമാഹരണം, തീവ്രവാദം വ്യാപിപ്പിക്കൽ, വിഘടനവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി മാലിക്ക് സമ്മതിച്ചിരുന്നു. തുടർന്ന് ഡൽഹി കോടതി കഴിഞ്ഞ ആഴ്ച മാലിക്ക് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. 

യുഎപിഎയ്ക്ക് കീഴിലുള്ള 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസമാഹരണം), 18 (തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന), 20 (ഭീകരസംഘത്തിലെ അല്ലെങ്കിൽ സംഘടനയിലെ അംഗം) എന്നീ സെക്ഷനുകളും ഐപിസിയുടെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 124 എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളുമാണ് കോടതി മാലിക്കിന് മേൽ ചുമത്തിയത്. തനിക്ക് മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങളെ എതിർക്കുന്നില്ലെന്ന് മാലികും കോടതിയെ അറിയിച്ചിരുന്നു. 

വിധി വരുന്നതിന് പിന്നാലെ ശ്രീനഗറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ സുരക്ഷാ സേനയേയും വിന്യസിച്ചിരുന്നു.

Post a Comment

0 Comments