NEWS UPDATE

6/recent/ticker-posts

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നാരായണൻ മാഷിന് നാടിന്റെ യാത്രയയപ്പ്

പള്ളിക്കര: "ഞാൻ ഈ സ്‌കൂളിൽ നിന്നും ഔദ്യോഗികമായി മാത്രമാണ് വിട പറയുന്നത് . എന്റെ മനസ്സ് എന്നും ഈ സ്‌കൂളിനോടൊപ്പം ഉണ്ടാകും . മാത്രമല്ല എന്റെ ടീമും ഇവിടെ ഉണ്ടാകും ." നിറഞ്ഞ കണ്ണുകളോട് കൂടി വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അധ്യാപകൻ വിങ്ങുമ്പോൾ, കേട്ട് നിന്ന നൂറു കണക്കിന് ആളുകളുടെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണ് നീർ പൊഴിഞ്ഞു.[www.malabarflash.com]

മുക്കൂട് ഗവ എൽപി സ്‌കൂളിൽ നടന്ന പ്രഥമാധ്യാപകൻ ഒയോളം നാരായൺ മാഷിനുള്ള യാത്രയയപ്പ് ചടങ്ങാണ് വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാന അധ്യാപകന് യാത്രയയപ്പ് നൽകിയത്.

കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും അവതരിപ്പിച്ച തായംബകയോട് കൂടി സ്‌കൂളിന്റെ അറുപത്തി ആറാമത് വാർഷികാഘോഷം ആരംഭിച്ചു. പഞ്ചാബി- ഹിന്ദി- മലയാളം ഗാനങ്ങൾക്ക് ചുവട് വെച്ച് പ്രീ പ്രൈമറിയിലെ കുരുന്നു വിദ്യാർത്ഥികൾ വേദിയിലെത്തി. 

പൊതു സമ്മേളനം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്‌ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിന് പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതവും , ജനറൽ കൺവീനർ എ സുജിത നന്ദിയും പറഞ്ഞു .

മുക്കൂട് നാടിനെ സാക്ഷിയാക്കി പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഒയോളം നാരായണൻ മാഷിന് പുരസ്‌കാര സമർപ്പണം നടത്തി. സ്‌കൂളിന്റെ സ്നേഹ സമ്മാനം പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം പത്മശ്രീ ഹൈജബ്ബയ്ക്ക് കൈമാറി. 

ഒന്നാം കാസ്സിലേക്കുള്ള കുട്ടികളുടെ പ്രവേശന പ്രഖ്യാപനവും, പാഠപുസ്തകങ്ങളുടെ വിതരണ ഉദ്‌ഘാടനവും ഡി.പി.സി എസ്.എസ്.കെ കാസറകോട് പി രവീന്ദ്രൻ നിർവ്വഹിച്ചു.

എൽ എസ് എസ് വിജയികൾക്കും, കഴിഞ്ഞ അധ്യയന വർഷങ്ങളിലെ ഓരോ ക്‌ളാസ്സിലെയും മികച്ച വിജയികൾക്കുള്ള അനുമോദനവും നടന്നു . വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൾട്ടി മീഡിയ ഫാമിലി ക്വിസ്സിലെ വിജയികൾക്ക് മൊമെന്റോ നൽകി . അടുത്ത അധ്യയന വർഷത്തിൽ മുക്കൂട് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന പഠനോപകാരണങ്ങളുടെ വിതരണോദ്‌ഘാടനം ബേക്കൽ ബി.ആർ.സി ബി പി സി ദിലീപ് കുമാർ കെ എം നിർവ്വഹിച്ചു.

എ കൃഷ്ണൻ, എം ജി പുഷ്പ, ഹാജിറ സലാം, ശകുന്തള പി.എ, രാജേന്ദ്രൻ കോളിക്കര, ഹമീദ് മുക്കൂട്, എം.മൂസാൻ, സൗമ്യ ശശി, ഓ മോഹനൻ, വി നാരായണൻ, പ്രീത സുരേഷ്, എം.കൃഷ്‌ണൻ, എ ഗംഗാധരൻ, ധനുഷ് എം എസ്, ലീഡർ ആദിഷ് എം തുടങ്ങിയവർ ആശംസ നേർന്നു. 

പി.ടി.എ, എം.പി.ടി.എ, വിദ്യാലയ വികസന സമിതി, സ്റ്റാഫ് കമ്മിറ്റി എന്നിവരുടെയും, സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും ഉപഹാരങ്ങൾ നാരായണൻ മാഷ് ഏറ്റു വാങ്ങി.തുടർന്ന് നാരായണൻ മാഷ് മറുപടി പ്രസംഗം നടത്തി. 

സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര സദസ്സിന്റെ മുഴുവൻ കയ്യടിയും ഏറ്റു വാങ്ങി . അജീഷ് ബാലകൃഷ്ണൻ മുക്കൂട് അണിയിച്ചൊരുക്കിയ രണ്ടു മണിക്കൂർ നീണ്ടു നിന്ന വിദ്യാർത്ഥികളുടെ മാരത്തോൺ ഡാൻസ് പ്രോഗ്രാം ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റി. വിഷ്വൽ എഫക്ടും, ചരിത്രപരമായ മുഹൂർത്തങ്ങളും കോർത്തിണക്കി പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച വിദ്യാർത്ഥികളുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. സംഗീതത്തിന്റെ അകമ്പടിയോടെ അവസാന നിമിഷത്തിൽ പ്രഥമാധ്യാപകനെ വിദ്യാർത്ഥികൾ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ട് പോയി കുട്ടികൾ ഒന്നടങ്കം നൽകിയ യാത്രയയപ്പും ശ്രദ്ധേയമായി. 

പരിപാടി മുഴുവനും ലൈവായി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും നാടിൻറെ ആഘോഷം കാണാൻ വഴിയൊരുക്കി .

Post a Comment

0 Comments