Top News

അവസാനത്തെ ശമ്പളം തന്റെ സ്‌കൂളിന് സമ്മാനം; മാതൃകയായി മുക്കൂട് സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ്

പള്ളിക്കര: നീണ്ട മുപ്പത്തി ഏഴ് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിട വാങ്ങുമ്പോൾ മുക്കൂട് ഗവ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ തന്റെ അവസാനത്തെ ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി മാതൃകയായി .  യാത്രയയപ്പ് ചടങ്ങിലാണ് മാഷ് മാതൃകാപരമായ ഈ പ്രഖ്യാപനം നടത്തിയത്.[www.malabarflash.com]

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേവലം അറുപത് കുട്ടികളുമായി മുക്കൂട് സ്‌കൂളിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച മാഷ് നൂറ്റി അമ്പത് കുട്ടികളിലേക്ക് സ്‌കൂളിനെ ഉയർത്തിയ ചാരിതാർഥ്യത്തോടെയാണ് പടി ഇറങ്ങുന്നത്. 

പുതുതായി അസംബ്ലി ഹാൾ , കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് , ജൈവ വൈവിധ്യ ഉദ്യാനം , പുതിയ ബിൽഡിങ് തുടങ്ങിയവ സാധ്യമാക്കി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സജീവ ഇടപെടലാണ് നാരായൺ മാഷ് നടത്തിയത്. അത് കൊണ്ട് തന്നെ തൊട്ടടുത്തുള്ള പ്രൈവറ്റ് സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിൽ സർക്കാരിന്റെയും പൊതു ജനങ്ങളുടെയും കൂട്ടമായ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചു . ഭൗതിക സാഹചര്യത്തോടൊപ്പം സ്‌കൂളിന്റെ അക്കാദമിക് നിലവാരവും ഉയർന്നതോടെ സ്‌കൂളിൽ തന്റെ മക്കളെ ചേർക്കാൻ രക്ഷിതാക്കൾ മത്സരിക്കുകയാണ് .

കരിവെള്ളൂർ പഞ്ചായത്തിലെ പുത്തൂരിൽ ടി ഗോവിന്ദ പൊതുവാളിന്റെയും , കെ മീനാക്ഷിയുടെയും മൂത്ത മകനായി ജനിച്ച നാരായണൻ പ്രാഥമിക വിദ്യാഭ്യാസം എ എൽ പി സ്‌കൂൾ പുത്തൂരിലും , യു പി വിദ്യാഭ്യാസം എ യു പി എസ് ഒലാട്ടിലും , ഹൈസ്‌കൂൾ വിദ്യാഭ്യാസം ജി എച്ച് എസ് കരിവെള്ളൂരിലും പൂർത്തീകരിച്ചു . തുടർന്ന് ജി ബി ടി എസ് മായിപ്പാടിയിൽ നിന്നും ടി ടി സി പൂർത്തിയാക്കി.

ആലന്തട്ട എ.യു.പി സ്‌കൂൾ , ജി.യു.പി.എസ് മുട്ടത്തോടി , പുലിയന്നൂർ ജി.എൽ.പി.എസ് , ജി.യു.പി.എസ് കൂലിയാട്‌ , ജി.വി.എച്ച്.എസ്.എസ് കയ്യൂർ , ജി.എച്ച്.എസ്.എസ് ചീമേനി , ജി.ഡബ്ള്യു.യു.പി.എസ് കൊടക്കാട് , ജി.യു.പി.എസ് പിലിക്കോട് തുടങ്ങിയ സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു . ജി.എൽ.പി.എസ് കുണ്ടൂച്ചി , ജി.എഫ്.എൽ.പി.എസ് ബേക്കൽ , ജി.യു.പി.എസ് കാഞ്ഞിരപ്പൊയിൽ , ജി.എൽ.പി.എസ് പുഞ്ചാവി , ജി.എൽ.പി.എസ് കയ്യൂർ തുടങ്ങിയ സ്‌കൂളുകളിൽ പ്രഥമാധ്യാപകനായി ജോലി ചെയ്തു .

തുടർന്ന് ബി ആർ സി ചെറുവത്തൂരിൽ ബിപി ആയി സേവനം അനുഷ്ടിച്ചു . തുടർന്ന് മുക്കൂട് ഗവ എൽ പി സ്‌കൂളിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു . നീണ്ട വർഷത്തെ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒയോളം നാരായണന് കഴിഞ്ഞ ദിവസം പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ കൊണ്ട് വന്ന് മുക്കൂട് സ്‌കൂളിൽ നിന്നും വിപുലമായ യാത്രയപ്പ് നൽകിയിരുന്നു . നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രൗഡോജ്ജലമായ സദസ്സിൽ വെച്ചാണ് നാരായണൻ മാഷ് മാതൃകാപരമായ പ്രഖ്യാപനം നടത്തിയത് .

ഭാര്യ - സുമ .കെ (ടീച്ചർ, ജി യു പി എസ് പാടിക്കീൽ, ചെറുവത്തൂർ ഉപജില്ല) , മക്കൾ: ആഷിക്,  ആശിഷ്.

Post a Comment

Previous Post Next Post