NEWS UPDATE

6/recent/ticker-posts

കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍പന; ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്

തിരുവനന്തപുരം: കടം വീട്ടാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ തീരുമാനിച്ച കുടുംബത്തിനെതിരെ ലോട്ടറി വകുപ്പിന്റെ നീക്കം. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമവിധേയമല്ലെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടര്‍ വട്ടിയൂര്‍കാവ് പോലീസിനെ സമീപിച്ചു.[www.malabarflash.com]

ഇതിന്റെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് വീട് വില്‍പ്പനയ്ക്ക് വെച്ച അജോ- അന്ന ദമ്പതികളുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വകുപ്പ് രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

കേരള ബാങ്കിന്റെ ജഗതി ശാഖയില്‍ നിന്നും വീട് വാങ്ങാനെടുത്ത വായ്പ അടവ് മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വായ്പാ തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും കിട്ടാതായതോടെ വീട് വിറ്റ് കടം വീട്ടാമെന്ന തീരുമാനത്തിലെത്തി. 

എന്നാല്‍ സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി വകുപ്പിന് മാത്രമാണ് അനുമതി എന്ന് ചൂണ്ടികാട്ടിയാണ് വകുപ്പ് ജോയിന്റ് ഡയഫക്ടര്‍ രംഗത്തെത്തിയത്. 

അക്കൗണ്ടന്റായ അജോയ്ക്ക് അപകടത്തില്‍ കാഴ്ച്ച പോയതോടെ ജോലി നഷ്ടപ്പെട്ടു. ഹോങ്കോംങ്ങില്‍ എഞ്ചിനീയര്‍ ആയ അന്നയ്ക്ക് കൊവിഡിനെ തുടര്‍ന്നും ജോലി നഷ്ടമായി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. 2000 രൂപയുടെ 3700 കൂപ്പണുകളാണ് അച്ചടിച്ചത്. 

വിറ്റുകിട്ടുന്ന തുകയില്‍ 18 ലക്ഷത്തോളം രൂപ സര്‍ക്കാരിന് സമ്മാന നികുതി അടയ്ക്കണം. നൂറോളം കൂപ്പണുകള്‍ ഇതിനകം വിറ്റുപോയി. ഒക്ടോബര്‍ 17ന് ക്രിസ്തുരാജപുരം ദേവാലയത്തിലെ ഹാളില്‍വെച്ച് വികാരിയുടെയും മറ്റ് പ്രമുഖരുടെയും നേതൃത്വത്തില്‍ നറുക്കെടുപ്പ് നടത്താനായിരുന്നു തീരുമാനം.

Post a Comment

0 Comments