NEWS UPDATE

6/recent/ticker-posts

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വേയ്ക്കെതിരേ ഗ്യാന്‍വാപി പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.[www.malabarflash.com]


വാരാണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളവും പ്രദേശവും സീല്‍ചെയ്യാന്‍ കഴിഞ്ഞ ദിവസം വാരാണാസി സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ പ്രദേശത്തേക്ക് ആരേയും കടത്തിവിടരുതെന്നും ജഡ്ജി രവികുമാര്‍ ദിവാകരാണ് ഉത്തരവിട്ടത്. സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് വിശ്വാസികള്‍ക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിയന്ത്രണം പള്ളിയുടെ നിലവിലുള്ള സ്ഥിതി മാറ്റുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ വീഡിയോ സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ അഭിഭാഷക കമ്മീഷണര്‍ അജയ് മിശ്രയെ തല്‍സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് വാരണാസി കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍വേ വിവരങ്ങള്‍ അജയ് മിശ്ര ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി.

ഗ്യാന്‍വാപി പള്ളിയില്‍ നടന്ന വീഡിയോ സര്‍വേ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സര്‍വേ വിവരങ്ങള്‍ ക്രോഡീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷക കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം കൂടി സമയം നീട്ടിനല്‍കിയിട്ടുണ്ട്. അജയ് മിശ്രയ്ക്ക് പകരം സ്‌പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ (വാരാണസി) ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോടു ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരിക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേക്കും വീഡിയോചിത്രീകരണത്തിനും വാരാണസി കോടതി അനുമതി നല്‍കിയത്. 

അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തില്‍ മേയ് ആറിന് സര്‍വേ തുടങ്ങിയെങ്കിലും പിറ്റേന്ന് അത് തടഞ്ഞു. എന്നാല്‍, സര്‍വേ തുടരാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിടുകയായിരുന്നു. കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

സര്‍വേയ്ക്കിടെയാണ് പള്ളിയിലെ കുളത്തില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അവകാശപ്പെട്ടത്.

Post a Comment

0 Comments