NEWS UPDATE

6/recent/ticker-posts

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം തട്ടി; യുവതികളടക്കം 4 പേര്‍ അറസ്റ്റില്‍

അടിമാലി: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.[www.malabarflash.com]

അടിമാലി പൊളിഞ്ഞപാലം പുറപ്പാറയില്‍ സരിത എല്‍ദോസ്(39),കോട്ടയം കണക്കാരി പട്ടിത്താനം ചെരുവില്‍ ശ്യാമളകുമാരി പുഷ്‌കരന്‍(സുജ 55),മകന്‍ വിമല്‍ പുഷ്‌കരന്‍ (29) ബന്ധു കോട്ടയം കണക്കാരി പട്ടിത്താനം ചെരുവില്‍ ജയകുമാര്‍ കുട്ടന്‍(42) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

അടിമാലി സ്വദേശികളായ ജയന്‍,ഷിജു,പീറ്റര്‍,മത്തായി,രാജേഷ് എന്നിവരില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പരാതിയിലാണ് അറസ്റ്റ്.സംഭവത്തില്‍ കൂടുല്‍ പേര്‍ ഇരയായിട്ടുണ്ടെന്നാണ് വിവരം.

മുഖ്യപ്രതിയായ ജയകുമാര്‍ അടിമാലിയില്‍ ടാക്‌സി ഓട്ടോ ഒടിക്കുന്ന സരിതയുമായി പരിജയപ്പെട്ടു.തുടര്‍ന്ന് പണം ഇരട്ടിപ്പിക്കുന്നതിനെപ്പറ്റിയും വിദേശത്ത് ഉള്‍പ്പെടെ ഷെയര്‍മാര്‍ക്കറ്റിംഗ് നടത്തുന്നതിനെകുറിച്ചും സരിതക്ക് ക്ലാസ് എടുക്കുകയും വേഗത്തില്‍ പണം ഇരട്ടിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചു.

കൂടാതെ വന്‍തുക കമ്മിഷനും വാക്ദാനം നല്‍കി. ഇതോടെ അടിമാലിയില്‍ പ്രവര്‍ത്തിക്കാന്‍ സരിത തയ്യാറായി.പിന്നീട് സഹായായി ശ്യാമളകുമാരി,വിമല്‍ എന്നിവരെ അടിമാലിയിലെത്തിച്ച് സരിതക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി.ടൗണിലെ ഓട്ടോ ഡ്രൈവറായതിനാല്‍ സരിതക്ക് ധാരാളം പേരുമായി പരിചയമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ മുഖാന്തിരമാണ് പരാതിക്കാരില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തത്.

ജയകുമാര്‍ നിര്‍ദ്ദേശിക്കുന്ന അക്കൗണ്ടിലൂടെയാണ് പണം നഷ്ടമായവര്‍ നല്‍കിയത്.തുടക്കത്തില്‍ ചിലര്‍ക്ക് ഇരട്ടി പണം നല്‍കിയെങ്കിലും പിന്നീട് പണം നല്‍കാതായി.മോറിസ് കൊയിന്‍ മാതൃകയിലായിരുന്നു ഇവരുടെ തട്ടിപ്പ്.

നല്‍കുന്ന പണം അഴ്ചയിലും മാസത്തിലും അക്കൗണ്ടിൽ ഗഡുക്കളായി ഇടപാടുകാരുടെ അക്കൗണ്ടിൽ തിരികെ എത്തുമെന്നും 10 മാസം കൊണ്ട് നിക്ഷേപിക്കുന്ന തുക ഇരട്ടിയായി എത്തുമെന്നുമാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചത്. സരിതക്ക് പുറമെ വേറെയും എജന്റുമാര്‍ ഉണ്ടെങ്കിലും മറ്റാരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. 

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നതായി വിവരമുണ്ട്.വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും അയല്‍കൂട്ട സംഘങ്ങളും ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പിന് ഇരയായതായി വിവരമുണ്ട്.ജയകുമാര്‍ കോട്ടയം ജില്ലയിലും സമാനമായ തട്ടിപ്പ് നടത്തിയതായും പോലീസിന് വിവരം ലഭിച്ചു.

ഇടുക്കി എ.എസ്.പി രാജ്പ്രസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.അടിമാലി സ്‌റ്റേഷനിലെ എസ്.ഐമാരായ അബ്ദുള്‍ഖനി,ടി.പി.ജൂഡി,നൗഷാദ്,അബ്ബാസ് എന്നിവരുടെ നേത്യത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments