Top News

അമിത് ഷായുടെ വരവിന് മുൻപ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ; രാഷ്ട്രീയ എതിരാളികൾ കൊന്ന് കെട്ടിത്തൂക്കിയെന്ന് ബിജെപി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ സന്ദർശനം നടത്തുന്നതിനിടെ, രാഷ്ട്രീയ എതിരാളികൾ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്.[www.malabarflash.com]

ബിജെപി പ്രവർത്തകനായ അർജുൻ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. അർജുനെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

അമിത് ഷാ കൊൽക്കത്തയിലെത്തുന്നതിനു മുന്നോടിയായി അർജുൻ ചൗരസ്യയെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഇത് അർജുന്റെ മരണം കൊലപാതകമാണെന്നതിന് തെളിവാണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അർജുൻ ചൗരസ്യ ബിജെപിയുടെ യുവജന സംഘടനയുടെ കൊൽക്കത്ത മേഖലാ വൈസ് പ്രസിഡന്റായിരുന്നുവെന്ന് നോർത്ത് കൊൽക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് കല്യാൺ ചൗബെ വ്യക്തമാക്കി.

‘‘അർജുൻ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു. അമിത് ഷാ കൊൽക്കത്തയിലെത്തുമ്പോൾ സ്വീകരിക്കാനായി പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുടെ ബൈക്ക് റാലി നയിക്കേണ്ടത് അർജുനായിരുന്നു. ഘോഷ് ബഗാൻ റെയിൽവേ യാർഡിനു സമീപം ആളോഴിഞ്ഞ കെട്ടിടത്തിലാണ് ഇന്ന് രാവിലെ അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്’ – കല്യാൺ പറഞ്ഞു.

Post a Comment

Previous Post Next Post