Top News

'വിഐപി' പിടിയില്‍; ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍. തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നടപടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചയാളാണ് ശരത്ത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.[www.malabarflash.com]

പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേത്തുടര്‍ന്നുണ്ടായ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. ശരത്തിനെ ക്രൈം ബ്രാഞ്ച് ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.

നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി, ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം മുന്‍പേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ജനുവരിയില്‍ റെയ്ഡ് നടത്തിയത്.

ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.

Post a Comment

Previous Post Next Post