NEWS UPDATE

6/recent/ticker-posts

ചുവന്ന പതാകയെ മോദി ഭയപ്പെടുന്നു, കോൺഗ്രസിന്റെ മതനിരപേക്ഷത എവിടെ?- യെച്ചൂരി

കണ്ണൂർ: ഇടതുപക്ഷം ഇന്ത്യയുടെ ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുമ്പോഴും നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും അദ്ദേഹം 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പറഞ്ഞു.[www.malabarflash.com]


കേരളത്തിന്റെ വികസനം ചൂണ്ടിക്കാട്ടി അഭിനന്ദിച്ച യെച്ചൂരി പാർട്ടി സെമിനാറിൽ പങ്കെടുക്കാൻ നേതാക്കൾക്ക് അനുമതി നൽകാത്ത കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് മതനിരപേക്ഷതയോടൊപ്പമാണോ അല്ലയോ എന്ന് രാജ്യത്തോട് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം കേരളമെന്ന ഒരു ചെറിയ മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഇത് പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ചെറുതാണെങ്കിൽ പോലും ഈ പ്രത്യയശാസ്ത്രം ഏറെ ഭയപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ചെറുതായ സ്ഥലത്ത് ഒതുങ്ങി നിൽക്കുന്നു എന്ന് പറയുമ്പോഴും ഇത്തരത്തിൽ പറയാൻ ഒരു കാരണമുണ്ട്. ഈ പ്രത്യയശാസ്ത്രം ചരിത്രപരമായ മുന്നേറ്റത്തിന്‍റേതാണ്. ചൂഷണ ആധിപത്യം ഇല്ലാതാക്കുന്നതിന് കരുത്തു പകരുന്നതാണ്. എല്ലാ വെല്ലുവിളികളേയും മറികടക്കുന്നതാണ് ഈ പ്രത്യയശാസ്ത്രം.

ഫാസിസം റഷ്യയിലേക്ക് കുതിച്ചു കയറിയ സമയത്ത് മോസ്കോയുടെ ഒരു മൂലയിലേക്ക് കമ്മ്യൂണിസ്റ്റുകാർ ഒതുക്കപ്പെട്ടു. എന്നാൽ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ് ഹിറ്റ്ലറുടെ പട്ടാളത്തെ ആട്ടിപ്പായിച്ചു. അവിടെയും നിന്നില്ല, അവർ ബെർലിനിലേക്ക് കുതിച്ചു. അവിടെ ചെമ്പതാക ഉയർത്തിക്കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു, ഫാസിസം അവസാനിച്ചിരിക്കുന്നു എന്ന്. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കറിയാം, ബിജെപിക്കറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്, യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന നേരിടുന്ന വെല്ലുവിളികളേയും മതനിരപേക്ഷതയേയും ഫെഡറിലസത്തേയും കുറിച്ച് ചർച്ചചെയ്യുന്ന സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല, അതിൽ പങ്കെടുത്ത നേതാക്കൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മതനിരപേക്ഷ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനൊപ്പമാണ് നിങ്ങളുടെ പ്രയോഗം എന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനങ്ങളെ യെച്ചൂരി അഭിനന്ദിക്കുകയും ചെയ്തു. മാനവവികാസ സൂചകങ്ങളുടെ കാര്യത്തിൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന്റെ മറ്റു പല പ്രദേശങ്ങൾക്കും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത മതത്തിന്റെ അതിരുകൾക്കതീതമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ്. എല്ലാവരേയും മനുഷ്യൻ എന്ന നിലയിലാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇത് സാധ്യമാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

Post a Comment

0 Comments