Top News

അടിമുടി പാർട്ടി ജീവിതം, അവസാനശ്വാസം വരെ പാർട്ടി വേദിയിൽ

കണ്ണൂര്‍: അവസാന നിമിഷം വരെ പാര്‍ട്ടിക്ക് വേണ്ടി നിലയുറപ്പിച്ച ശക്തയായ നേതാവായിരുന്നു വിടപറഞ്ഞ സിപിഎം നേതാവ് എംസി ജോസഫൈന്‍. നാല് വര്‍ഷത്തിനുശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയത്. സമാപന ദിവസം തന്നെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്ളാദവും ആവേശവും നിറഞ്ഞ വേദിയെ ജോസഫൈന്റെ വിയോഗവാര്‍ത്ത ദുഃഖസാന്ദ്രമാക്കി.[www.malabarflash.com]


കേരളത്തിലെ തന്നെ സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു ജോസഫൈന്‍. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഘടനാരംഗത്ത് സക്രിയമായിരുന്നു അവര്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ ജോസഫൈന്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നെങ്കിലും ചൂഷണം നേരിടുന്ന സ്ത്രീകള്‍ക്ക് വേണ്ടി വളരെ ശക്തമായ ഇടപെടലുകള്‍ അവര്‍ നടത്തിയിരുന്നു. സൂര്യനെല്ലി കേസിലെ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയ ആളായിരുന്നു ജോസഫൈന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പല ചൂഷണ കേസുകളും പൊതുമധ്യത്തില്‍ എത്തുന്നതിന് ജോസഫൈന്റെ ഇടപെടലുകള്‍ നിര്‍ണായകമായി.

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇറങ്ങാന്‍ മടിച്ചിരുന്ന കാലത്ത് അധ്യാപക ജോലിയില്‍ ഉപേക്ഷിച്ചാണ് ജോസഫൈന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായി രംഗത്തിറങ്ങിയത്. പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു അവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. കെ.എസ്.വൈ.എഫിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിലൊരാള്‍ കൂടിയാണ് ജോസഫൈന്‍. 1978 മുതലാണ് മഹിളാ സംഘടനയുടെ ഭാഗമായി.1987ലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

പരുഷമായ ഭാഷയാണ് മിക്കപ്പോഴും ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഹൃദയാലുവായ പ്രവര്‍ത്തക എന്നാണ് സഹപ്രവര്‍ത്തകര്‍ എം.സി ജോസഫൈനെ ഓര്‍ത്തെടുക്കുന്നത്.

ഇക്കുറി നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി മാനദണ്ഡത്തെ തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Post a Comment

Previous Post Next Post