Top News

ഓണ്‍ലൈനിലൂടെ വിവാഹം,തര്‍ക്കത്തിനിടെ പിടിച്ചു തള്ളി;നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ചതിന്‍റെ വിവരങ്ങള്‍

അബുദാബി: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭർതൃ മാതാവ് മരിച്ച സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷജന മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയിൽ തല ഇടിച്ചു വീണ് ഉടൻ മരിക്കുകയുമായിരുന്നു എന്നാണ് വിവരം.

ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓൺലൈനിലൂടെ ആണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും അക്രമിക്കുകയുമായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപോയി. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

Post a Comment

Previous Post Next Post