Top News

387 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിയ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ചു

ഹൈദരാബാദ്: വാഹനപൂജയ്ക്കായി കൊണ്ടുവന്ന പുത്തന്‍ ബൈക്ക് പൊട്ടിത്തെറിച്ചു. ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെയായിരുന്നു വാഹനം പൊട്ടിത്തെറിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് അഗ്‌നിക്കിരയായത്.[www.malabarflash.com]

മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ഓടിച്ചാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ച്ചയായി ഓടിച്ചത് മൂലം വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബൈക്കിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടി മാറുന്നതും വീഡിയോയില്‍ കാണാം.

നാളുകളായി വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു.

Post a Comment

Previous Post Next Post