NEWS UPDATE

6/recent/ticker-posts

രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് കേസ്; പ്രതി ഇരുകൈകളുമില്ലാത്ത മുസ്ലീം യുവാവ്

ഭോപാല്‍: രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന പേരില്‍ ഇരുകയ്യുമില്ലാത്ത മുസ്ലിം ചെറുപ്പക്കാരനെതിരെ കേസ്. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് നടപടി.[www.malabarflash.com] 

വൈദ്യുതാഘാതമേറ്റ് കൈകള്‍ നഷ്ടപ്പെട്ട വസീം ശൈഖ് എന്നയാള്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ഇയാളുടെ വരുമാനമാര്‍ഗമായിരുന്ന കടയും അധികൃതര്‍ പൊളിച്ചുമാറ്റി. അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖിന്റെ ഉപജീവനമാര്‍ഗമായിരുന്ന കടയാണ് ജില്ലാ ഭരകണകൂടം ഇടിച്ച് നിരത്തിയത്. ഏപ്രില്‍ 11ന് ആയിരുന്നു നടപടി. 

ഖര്‍ഗോണിലെ സംഘര്‍ഷങ്ങളുടെ പേരില്‍ പോലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വസീം ശൈഖിന്റെ ദുരിതം പുറത്ത് വരുന്നത്. വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് 2005 ലാണ് വസീം ശൈഖിന്റെ ഇരു കൈകളും മുട്ടിന് താഴെ വച്ച് മുറിച്ച് നീക്കിയത്.

അതേസമയം, ഖര്‍ഗോണില്‍ സംഘര്‍ഷം നടന്ന സമയത്ത് പ്രദേശത്ത് ഇല്ലാത്തവരുടെ പേരില്‍ പോലും പോലീസ് നടപടിയെടുത്തതായും ആക്ഷേപമുണ്ട്. സംഘര്‍ഷം നടക്കുമ്പോള്‍ ഇവര്‍ ജയിലിലായിരുന്ന ആളുകളെ പോലും മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് ആരോപണം. 

സമാനമായ കേസില്‍ മാര്‍ച്ച് 5 മുതല്‍ ജയില്‍ കഴിഞ്ഞ് വരുന്ന ഷഹബാസ്, ഫക്രു, റൗഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തതായി ആരോപണമുയര്‍ന്നത്. ഇതില്‍ ഒരാളുടെ വീടും ഇടിച്ച് നിരത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മൂന്ന് യുവാക്കള്‍ക്ക് എതിരെ ബര്‍വാനി ജില്ലയിലെ സെന്ദാവയില്‍ മോട്ടോര്‍ ബൈക്ക് കത്തിച്ചെന്ന പേരിലാണ് കേസ്. നേരത്തെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റേഷനില്‍ തന്നെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

Post a Comment

0 Comments