NEWS UPDATE

6/recent/ticker-posts

ജഹാംഗിര്‍പുരിയിലെ കെട്ടിടംപൊളിക്കല്‍: നടപടിയില്‍ കോടതിക്ക് അതൃപ്തി; ബുള്‍ഡോസര്‍തടഞ്ഞ് ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്.[www.malabarflash.com] 

കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ നടപടിയുമായി മുന്നോട്ടുപോയ കോര്‍പ്പറേഷന്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

ജഹാംഗിര്‍പുരിയിലെ സി ബ്ലോക്കിലാണ് പൊളിച്ചുമാറ്റല്‍ നടപടി ആരംഭിച്ചത്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായ പ്രദേശമാണ് ഇത്. ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റല്‍ നടപടി ആരംഭിച്ചത്. വന്‍ പോലീസ് സന്നാഹത്തെയാണ് ഇതിന്റെ ഭാഗമായി പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു.

ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും ഉത്തരവിന്‍റെ കോപ്പി കൈയ്യില്‍ കിട്ടിയില്ല എന്ന കാരണംപറഞ്ഞ് കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരുകയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്ക് 12.30-ഓടെ ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്. കെട്ടിടങ്ങള്‍ പൊളിക്കരുതെന്നുള്ള കോടതി ഉത്തരവും ഇവരുടെ കൈവശമുണ്ടായിരുന്നു.

ഇതിനിടയില്‍ നിരവധി കടകളും സമീപത്തെ പള്ളിയുടെ മതിലുമെല്ലാം ബുള്‍ഡോസറുകള്‍ തകര്‍ത്തിരുന്നു. ഉത്തരവുമായി സ്ഥലത്തെത്തിയ ബൃന്ദ കാരാട്ട് നടപടി നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറിനിന്ന് പ്രവൃത്തി തടസ്സപ്പെടുകത്തുകയും ചെയ്തു.

ഇതിനിടെയില്‍ കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ നടപടിയുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുകയാണെന്ന കാര്യം ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോര്‍പ്പറേഷന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ഉത്തരവ് കോര്‍പ്പറേഷന്‍ അധികൃതരെ നേരട്ട് അറിയിക്കാന്‍ സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ചെങ്കിലും അത് താല്‍ക്കാലികം മാത്രമാണെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നിലപാട്.

നിയമവും ഭരണഘടനയും ബി.ജെ.പി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു.

Post a Comment

0 Comments