Top News

സൈക്കിൾ ബൈക്കിൽ തട്ടി, പാഞ്ഞെത്തി കെഎസ്ആർടിസി ബസ്; അദ്ഭുത രക്ഷപെടൽ - വീഡിയോ

തളിപ്പറമ്പ്: സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി വൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.[www.malabarflash.com] 

സൈക്കിൾ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽപ്പെടാതെ കുട്ടി റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചുപോകുകയായിരുന്നു. കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്.

താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽ‍നിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളിൽ വന്ന കുട്ടി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്ആർടിസി ബസിന് തൊട്ടുമുൻപിൽ തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു. സൈക്കിളിന് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ഇതിനു സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

തൊട്ടുപിന്നാലെ വന്ന കാർ അപകടം കണ്ട് നിർത്തി. പിന്നാലെ ബസും നിർത്തി. യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് ഒന്നും പറ്റിയില്ലെന്നാണ് കുട്ടി മറുപടി പറഞ്ഞത്. 

എൽഎസ്എസ് പരീക്ഷ ജയിച്ചതിന് പിതാവ് വാങ്ങി നൽകിയ സൈക്കിളുമായി കൂട്ടുകാരനൊപ്പം എത്തിയപ്പോൾ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിരലിന് ചെറിയ പരുക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി.

Post a Comment

Previous Post Next Post