NEWS UPDATE

6/recent/ticker-posts

തണ്ണിമത്തനിലും ക്യൂ ആർ കോഡ്, വിഷമില്ലാത്ത ഫലം തിരിച്ചറിയാനെന്ന് കർഷകൻ

ആലപ്പുഴ: ആലപ്പുുഴയിലെ കഞ്ഞിക്കുഴിയില്‍ തണ്ണിമത്തനിലും ക്യൂ ആർ കോഡ്. കൃഷി ഇറക്കിയ സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വിത്ത്, വളം, കൃഷി ചെയ്ത കർഷകന്റെ പേര്, വില, ബന്ധപ്പെട്ട നമ്പർ എന്നീ വിവരങ്ങൾ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും.[www.malabarflash.com]

വിഷമില്ലാത്തത് നാട്ടുകാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴിയിലെ യുവകർഷകനായ സുജിത്ത് കൃഷി ചെയ്ത തണ്ണി മത്തനാണ് ക്യൂ ആർ കോഡ് പതിച്ച് കടകളിൽ വിതരണത്തിന് എത്തിയിരിക്കുന്നത്.

ഇതര സംസ്ഥാനത്ത് നിന്ന് തണ്ണിമത്തന്റെ വരവ് തുടങ്ങിയതോടെ നമ്മുടെ നാട്ടിൽ ഉത്പ്പാദിപ്പിച്ച നാടൻ ഇനം പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ രാസവളം, കീടനാശിനിയും മറ്റും ഉപയോഗിച്ച് വിളയിക്കുന്ന തണ്ണിമത്തനേക്കാൾ നാട്ടുകാരുടെ കൺമുൻപിൽ വിളയിക്കുന്ന തണ്ണിമത്തന് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം. അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്.

ഇത് വിജയിച്ചാൽ താൻ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികളിലും ക്യൂ ആർ കോ‍ഡ് കൊണ്ട് വരുമെന്ന് സുജിത്ത് പറയുന്നു. 2 കൃഷി വീതം ആറ് മാസമാണ് കഞ്ഞിക്കുഴിയിൽ തണ്ണിമത്തൻ സീസൺ. വിവിധ വെറൈറ്റിയാണ് വ്യത്യസ്ത സമയങ്ങളിൽ കൃഷി ചെയ്യുന്നത്. സുജിത്ത് രണ്ടര ഏക്കർ പാടത്ത് ഇത് വരെ 3000ത്തോളം തണ്ണിമത്തൻ വിളവെടുത്തു. വേനൽ തുടങ്ങി മഴവരെയാണ് വിളവെടുപ്പ്.

Post a Comment

0 Comments