NEWS UPDATE

6/recent/ticker-posts

ഒരു ലൂണ വീരഗാഥ; ഫൈനലിലേക്ക് പറന്ന് ബ്ലാസ്റ്റേഴ്‌സ്

വാസ്‌കോ: സമനിലയുടെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ബ്ലാസ്‌റ്റേഴ്‌സും ഫൈനലും തമ്മില്‍. ജംഷഡ്പൂരിനെതിരെ ആ സമനില (1-1) പൊരുതി നേടി ഇവാന്‍ വുകോമാനോവിചിന്റെ കുട്ടികള്‍ കലാശക്കളിയിലേക്ക് പറന്നു. ഇത് മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്.[www.malabarflash.com]

 2016ന് ശേഷം ആദ്യവും. പ്ലേ ഓഫ് യോഗ്യത നേടിയ മൂന്നു തവണയും ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ലെഗുകളിലായി നേടിയ രണ്ട് ഗോളുകളാണ് കേരളത്തിന് കലാശത്തിലേക്കുള്ള വഴി തുറന്നത്. ഇന്നത്തെ മത്സരത്തിലെ ഒരു ഗോള്‍ മാത്രമാണ് ജംഷഡ്പൂരിന്റെ സമ്പാദ്യം.

ഫൈനലിലേക്ക് സമനില മതിയായിരുന്നുവെങ്കിലും വിജയം തന്നെ ലക്ഷ്യം വച്ചാണ് കളത്തിലിറങ്ങിയതെന്ന് വ്യക്തമാക്കുന്ന കിടിലന്‍ പ്രകടനമാണ് മഞ്ഞപ്പട ഗോവയിലെ തിലക് മൈതാനത്ത് കാഴ്ചവച്ചത്. വിജയദാഹവുമായി എത്തിയ കേരളം തന്നെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 18 ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച നിര്‍ണായക ഗോള്‍ നേടിയത്. ജംഷഡ്പൂരിന്റെ രണ്ട് പ്രതിരോധ നിരക്കാരെ വെട്ടിച്ച ശേഷം ഇടതു മൂലയില്‍ നിന്ന് വലതു കാല്‍ കൊണ്ടുള്ള ലളിതവും എന്നാല്‍ മാജിക്കലുമായ ഒരു പ്ലേസിംഗ്. അതിമനോഹരമായ ഒരു ക്ലിനിക്കല്‍ ഫിനിഷ്. പന്ത് ഗോളിന്റെ വലത്തെ പോസ്റ്റില്‍ തട്ടി കിറുകൃത്യം വലയിലേക്ക് കയറുമ്പോള്‍ ജംഷഡ്പൂര്‍ ഗോളി തീര്‍ത്തും നിസ്സഹായനായി. ലൂണ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്.

അലകടല്‍ പോലെ ഇരമ്പിപ്പടര്‍ന്ന കേരള വീര്യത്തെ തകര്‍ക്കാന്‍ അടരാടുന്ന ജംഷഡ്പൂരിനെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. അതിന് ഫലവും കണ്ടു. 50ാം മിനുട്ടില്‍ പ്രോണെ ഹാല്‍ഡറിന്റെ ഗോളില്‍ ജംഷഡ്പൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഗ്രെഗ് സ്റ്റുവാര്‍ട്ട് എടുത്ത കിക്ക് എത്തിയത് ഡാനിയേല്‍ ചുക്വുവിന്റെ കാലില്‍. ചുക്വു പന്ത് പോസ്റ്റിലേക്ക് കണക്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പന്ത് ലഭിച്ച പ്രോണെ ലക്ഷ്യം കണ്ടു.

കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. പെരേര ഡയസിന്റെ പാസ് പിടിച്ചെടുത്ത ആല്‍വാരോ വാസ്‌ക്വസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഉതിര്‍ത്ത ഷോട്ട് പുറത്തേക്ക് പോകുന്നത് അവിശ്വസനീയതയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കണ്ടത്. പത്താം മിനുട്ടില്‍ പേരേര ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്‌ക്വസ് പന്ത് വലയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ഓഫ് സൈഡ് വിധിച്ചു കൊണ്ട് ലൈന്‍ റഫറിയുടെ കൊടി ഉയര്‍ന്നു കഴിഞ്ഞിരുന്നു. 

ചുരുങ്ങിയത് മൂന്ന് തുറന്ന അവസരങ്ങളെങ്കിലും വാസ്‌ക്വസ് തുലച്ചുകളഞ്ഞ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍, ഗോള്‍ കണ്ടെത്തിയ ലൂനക്ക് അസിസ്റ്റ് നല്‍കിയതും വാസ്‌ക്വസ് ആയിരുന്നുവെന്നത് താരം മൈതാനം നിറഞ്ഞുകളിച്ചതിന് തെളിവായിരുന്നു.

36-ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡാനിയേല്‍ ചീമ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചിരുന്നു. ആദ്യം ഗോള്‍ അനുവദിച്ച റഫറി ലൈന്‍ റഫറിയുടെ കൊടി ഉയര്‍ത്തിയിരുന്നുവെന്ന് കണ്ട് തീരുമാനം തിരുത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. രണ്ട് ടീമുകളുടെയും പ്രതിരോധ നിരക്കാരും ഗോളാകുമായിരുന്ന നിരവധി ഷോട്ടുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനും തിലക് മൈതാനം സാക്ഷിയായി.

പരുക്കേറ്റ സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ്  കളത്തിലിറങ്ങിയത്. ആദ്യ ലെഗില്‍ അല്‍വാരോ വാസ്‌ക്വസിന്റെ അസിസ്റ്റില്‍ നിന്ന് സഹല്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. പരുക്ക് ഭേദമായി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments