NEWS UPDATE

6/recent/ticker-posts

പൂരക്കളി പണിക്കരുമായി ബന്ധപ്പെട്ട വിവാദം: രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ സാമൂഹ്യ സൗഹാർദ്ദം തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് തീയ്യ ക്ഷേമ സഭ


പാലക്കുന്ന് : കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരെ മാറ്റിയതുമായി ബന്ധപ്പെട്ട് വരുന്ന രാഷ്ട്രീയ ഇടപെടലുകൾ വടക്കൻ കേരളത്തിലെ സാമൂഹ്യ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത നീക്കമെന്ന് തീയക്ഷേമസഭ സംസ്ഥാന കമ്മിറ്റി.[www.malabarflash.com]


പൂരക്കളി പണിക്കരെ ഊര് വിലക്ക് കല്പിച്ചു എന്നതടക്കമുള്ള നുണപ്രചാരണങ്ങൾ ഇതിന്റെ പേരിൽ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിനെതിരെ ഉയർന്നു വരുന്നത് ക്ഷേത്രത്തെ ബോധപൂർവം കരി വാരിത്തേക്കാനുള്ള നീക്കാമാണെന്നും സാമൂഹിക അസ്ഥിരത സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പാർട്ടി നീക്കത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിന്റെ പാരമ്പര്യ രീതികൾ നിലനിർത്തിക്കൊണ്ട് പൂരക്കളി, മറുത്തുകളി എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ കൊണ്ടുപോകേണ്ട ബാധ്യതയും ഉത്തരവാദിത്വവും ക്ഷേത്രം സ്ഥാനികർക്കും ഭാരവാഹികൾക്കുമുണ്ട്.

കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിന് മുസ്ലിം സമുദായവുമായി യാതൊരു തരത്തിലുള്ള അകൽച്ചയുമില്ല എന്ന് മാത്രമല്ല ജാതിയുടെയോ മതത്തിന്റെയോ പേരിൽ യാതൊരു പ്രശ്നവും ഇവിടെയില്ല. കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിന് വിദ്യാഭ്യാസ സമിതി, വികസന സമിതി തുടങ്ങിയ കമ്മിറ്റികൾ ഉണ്ട്. ആ കമ്മിറ്റികളിലെ പരിപാടികളിൽ എത്രയോ മുസ്ലിം കുട്ടികൾക്ക് ക്ഷേത്രം ആചാരസ്ഥാനികരുടെ കൈ കൊണ്ട് തന്നെ ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രം ഏതെങ്കിലും വിഭാഗത്തോട് വിവേചനം കാണിക്കുന്നു എന്ന വാദം വസ്തുതാവിരുദ്ധവും സമുദായങ്ങൾ തമ്മിൽ വളരെ സൗഹാർദ്ദമായി പോകുന്ന കുണിയൻ പ്രദേശത്തെ നല്ല സാഹചര്യം ഇല്ലാതാക്കാനുമുള്ള ചിലരുടെ ബോധപൂർവമായ ശ്രമമാണ്.

ക്ഷേത്ര ചടങ്ങുകളുടെ അകത്ത് പരമ്പരാഗത രീതിയിൽ പോകുവാൻ മാത്രമേ സാധിക്കുകയുള്ളൂ. ചടങ്ങുകൾക്ക് അതിന്റെതായ പരമ്പരാഗത രീതികളുണ്ട്.

എല്ലാ സമുദായങ്ങളെയും ചേർത്ത് പോകുന്ന രീതിയാണ് തീയ്യസമുദായ ക്ഷേത്രത്തിന് പരമ്പരാഗതമായി ഉള്ളത്. എല്ലാ സമുദായങ്ങൾക്കും ക്ഷേത്രത്തിൽ പരമ്പരാഗതമായ അവകാശങ്ങളുണ്ട് എന്നിരിക്കെ ക്ഷേത്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് ബോധപൂർവം വിവാദമുണ്ടാക്കാനും ക്ഷേത്രത്തെ പൊതുസമൂഹത്തിന് മുന്നിൽ കരി വാരിത്തേക്കാനുമാണ് ക്ഷേത്രത്തിനെതിരെയുള്ള ഈ നീക്കം എന്ന് തീയ്യക്ഷേമസഭ ഭാരവാഹികൾ പറഞ്ഞു.

തീയ്യസമുദായത്തിന് മേൽ നിരവധി ഇത്തരം കടന്നുകയറ്റങ്ങൾ വരുന്നത് കൂടിവരികയാണെന്നും, ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികൾ തീയ്യരുടെ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ അനുവദിക്കാതിരിക്കുകയും തീയ്യരുടെ സ്വകാര്യ സമുദായ ശ്മശാനങ്ങളും ക്ഷേത്രങ്ങളും കയ്യേറുകയും ചെയ്യുന്ന പ്രവണത വളരെ കൂടിവരികയാണെന്നും ഇത് വളരെ ആശങ്കയുണ്ടാക്കുന്നതാണെന്നും തീയ്യക്ഷേമസഭ ആരോപിച്ചു.
തീയ്യക്ഷേമസഭ ഭാരവാഹികളായ സംസ്ഥാന ജനറൽ കൺവീനർ വി.വി. വിനോദൻ , വർക്കിങ് ചെയർമാൻ കെ.ടി.മധുസൂദനൻ കുറ്റിക്കോൽ എന്നിവർ അറിയിച്ചു.

Post a Comment

0 Comments