Top News

വീട്ടുകാര്‍ വിനോദയാത്ര പോയ തക്കത്തിന് മോഷ്ടാവ് കവര്‍ന്നത് 33 പവന്‍ സ്വർണം

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് അമ്മിനിക്കാട് വീട്ടുകാര്‍ വിനോദയാത്ര  പോയ സമയത്ത് അടച്ചിട്ട വീട്ടില്‍ മോഷണം . കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 33 പവന്‍ സ്വര്‍ണാഭരണങ്ങളും നാലായിരത്തോളം രൂപയും 250 യു.എ.ഇ. ദിര്‍ഹവും വിലകൂടിയ വാച്ചുകളും മോഷണം പോയതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. താഴേക്കോട് അമ്മിനിക്കാടിനടുത്ത് ആലങ്ങാടന്‍ അഷ്‌റഫലി(55) യുടെ വീട്ടിലാണ് മോഷണം.[www.malabarflash.com]


ഞായറാഴ്ച രാവിലെയോടെ വീട്ടുകാര്‍ ഊട്ടിയിലേക്ക് പോയിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ തിരിച്ചെത്തി. പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച നിലയിലായിരുന്നു. വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളാക്കെ വാരിവലിച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെത്തി സ്വര്‍ണം പരിശോധിച്ചപ്പോള്‍ അതവിടെയുണ്ടായിരുന്നില്ല.

തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസില്‍ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മലപ്പുറം ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരുമടങ്ങുന്ന സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. ഗൃഹനാഥന്‍ അഷ്‌റഫലിയും മകനും പ്രവാസികളാണ്. 

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്‌കുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Post a Comment

Previous Post Next Post