Top News

കുഞ്ഞ് ഇമ്രാന്റെ ചികിത്സക്ക് സ്വരൂപിച്ച 17.04 കോടി സർക്കാറിലേക്ക് നല്‍കി

മലപ്പുറം: സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച തുക ചികിത്സാ സഹായസമിതി സർക്കാർ ഫണ്ടിലേക്ക് നൽകി.[www.malabarflash.com]


കുളങ്ങരത്തൊടി ആരിഫിന്റെ മകനായിരുന്നു ആറുമാസം പ്രായമായിരുന്ന ഇമ്രാൻ. 18 കോടി രൂപ ചെലവ് വരുന്ന മരുന്ന് അമേരിക്കയിൽനിന്ന് വരുത്തി ചികിത്സിച്ചാൽ രോഗം മാറ്റാനാകുമെന്ന് ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നാണ് പണത്തിനായി സമൂഹ സമാഹരണം നടത്തിയത്.

മഞ്ഞളാംകുഴി അലി എം എൽ എ ചെയർമാനായി ഇമ്രാൻ ചികിത്സാ സഹായസമിതി രൂപവത്കരിച്ച് സമാഹരണത്തിന് മുന്നിട്ടിറങ്ങി. 16.60 കോടി രൂപയോളം ബേങ്ക് അക്കൗണ്ടിൽ എത്തിയെങ്കിലും മരുന്നെത്തിക്കുന്നതിന് മുമ്പേ ഇമ്രാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങി. ലഭിച്ച സഹായത്തിൽനിന്ന് പണമൊന്നും ഉപയോഗിച്ചില്ല.

സംഖ്യ വിനിയോഗവുമായി ബന്ധപ്പെട്ട് ചികിത്സാസഹായസമിതി മൂന്ന് നിർദേശങ്ങൾ സമർപ്പിച്ചു. പക്ഷേ ഇതേരോഗം ബാധിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളുടെ ചികിത്സക്കായി ഈ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

തുക സർക്കാറിലേക്ക് നൽകണമെന്ന നിർദേശമാണ് കോടതിയിൽ നിന്നുണ്ടായത്. അക്കൗണ്ടിൽ ലഭിച്ച 16.60 കോടി രൂപയും പലിശയിനത്തിൽ വന്ന 43.60 ലക്ഷം രൂപയും ചേർത്ത് 17.04 കോടി രൂപ സമിതി സർക്കാർ അക്കൗണ്ടിലേക്ക് കൈമാറി.

Post a Comment

Previous Post Next Post