NEWS UPDATE

6/recent/ticker-posts

ഉപ്പിലിട്ടത് വിൽക്കാൻ ലൈസൻസ് നിർബന്ധം; ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ മാനദണ്ഡം പുറത്തിറക്കി

കൊച്ചി: തട്ടുകടകളിലുൾപ്പെടെ ഉപ്പിലിട്ടവയും അച്ചാറുകളും വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ മാനദണ്ഡമിറക്കി. കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടവ വിൽക്കുന്ന കടയിൽ നിന്ന് അസറ്റിക് ആസിഡ് കുടിച്ച് ഒരു വിദ്യാർത്ഥിക്ക് പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.[www.malabarflash.com]


അച്ചാറുകൾക്ക് 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം നിലവാരം വേണം. കൃത്രിമ നിറങ്ങൾ, മിനറൽ ആസിഡ്, ഘനലോഹങ്ങളായ കോപ്പർ, ലെഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യം പാടില്ല. അനുവദനീയമായ പ്രിസർവേറ്റീവ് പ്രയോഗം ലേബലിൽ പ്രദർശിപ്പിക്കണം. 

പെട്ടിക്കടക്കാർ ഉൾപ്പെടെ അച്ചാർ, ഉപ്പിലിട്ടവ വിൽക്കുന്നവർക്കും നിർമ്മിക്കുന്നവർക്കും ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നിർബന്ധം. ഇത് കടകളിൽ പ്രദർശിപ്പിക്കണം.

വെള്ളം അണുവിമുക്തമാകണം
• ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാണെന്ന് തെളിയിക്കുന്ന രേഖയും വില്പനക്കാരന്റെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സൂക്ഷിക്കണം.

• വിനാഗിരിയിലോ നേർപ്പിച്ച ഉപ്പുലായനിയിലോ മാത്രമേ സാധനങ്ങൾ ഉപ്പിലിടാവൂ. വിനാഗിരി വാങ്ങിയതിന്റെ രേഖ സൂക്ഷിക്കണം.

• പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യസുരക്ഷാലേബലും നിബന്ധനകളും ഉണ്ടാകണം.

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ
• ലൈസൻസുള്ള കടകളിൽ നിന്നുമാത്രം സാധനങ്ങൾ വാങ്ങുക,​ പായ്ക്കറ്റിൽ ലേബൽ ശ്രദ്ധിക്കണം.

• പരാതിയുണ്ടെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണം.

അസറ്റിക് ആസിഡ്
ഫുഡ് ഗ്രേഡ് അസറ്റിക് ആസിഡ് നേ‌ർപ്പിച്ചാണ് സിന്തറ്റിക് വിനാഗിരി നിർമ്മിക്കുന്നത്. വിനാഗിരിയിൽ അസറ്റിക് ആസിഡിന്റെ അളവ് 3.75- 5 ശതമാനം വരെയേ ആകാവൂ. ചില ചെറുകിട കച്ചവടക്കാർ ഫുഡ്ഗ്രേഡല്ലാത്ത അസറ്റിക് ആസിഡ് വെള്ളമൊഴിച്ച് നേ‌ർപ്പിച്ചാണ് വിനാഗിരി ഉണ്ടാക്കുന്നത്. നേർപ്പിക്കാത്ത അസറ്റിക് ആസിഡ് കടകളിൽ സൂക്ഷിക്കാൻ പാടില്ല.

Post a Comment

0 Comments