NEWS UPDATE

6/recent/ticker-posts

വെമ്പായം പെയിന്റ് കടയിലെ തീപിടിത്തം; മരിച്ചത് മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം

തിരുവനന്തപുരം: വെമ്പായത്ത് ശനിയാഴ്ച ഉണ്ടായ  തീപിടിത്തത്തിൽ മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിയ്ക്കെത്തിയത്. കാലിൽ വെരിക്കോസ് രോഗമുള്ളതിനാൽ നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതിനാലാവാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ കഴിയാത്തതെന്നാണ് നിഗമനം. മൂന്ന് മക്കളടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു നിസാം.[www.malabarflash.com]


ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിന്റിലേയ്ക്ക് വീണാണ് ഹാർഡ്‌വെയർ കടയ്ക്ക് തീപിടിച്ചത്. 15മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തെ തുടർന്നാണ് തീ അണച്ചത്. തീ പടർന്ന സമയത്ത് മൂന്നാം നിലയിലായിരുന്നു നിസാം. രാത്രി പന്ത്രണ്ട് മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കടയിൽ 15 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ സ്ഥാപനത്തിൽ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആറ് മാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ ഹാർഡ്‌വെയർ കട തുടങ്ങിയത്. അഗ്നിസുരക്ഷ ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോൾ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിൽ നിന്നും ഉപകരണങ്ങൾ കൊണ്ടുവന്ന് തീയണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

Post a Comment

0 Comments