NEWS UPDATE

6/recent/ticker-posts

വ്യാജ മരണ വാര്‍ത്ത, രൂക്ഷമായി പ്രതികരിച്ച് നടി മാല പാര്‍വതി

മാല പാര്‍വതിയെ കുറിച്ചും വ്യാജ മരണ വാര്‍ത്ത. ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത് എത്തി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല. രണ്ട് പരസ്യങ്ങളുടെഓഡിഷൻ വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്‍ടമായെന്നും മാല പാര്‍വതി പറയുന്നു.[www.malabarflash.com]


വ്യാജ മരണ വാര്‍ത്തയുടെ സ്‍ക്രീൻ ഷോട്ട് മാല പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാൻ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്‍ടപ്പെട്ടതെന്ന് മാല പാര്‍വതി പറഞ്ഞു.

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോയെന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്‍ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്. വാട്‍സപ്പില്‍ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യങ്ങളുടെ ഓഡിഷൻ ആണ് മിസ് ആയതെന്നും മാല പാര്‍വതി പറയുന്നു.

മാല പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'എഫ്‍.ഐ.ആര്‍' എന്ന തമിഴ് ചിത്രമാണ്. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ വിഷ്‍ണു വിശാലായിരുന്നു നായകൻ. നായകന്റെ അമ്മ കഥാപാത്രം 'പര്‍വീണ ബീഗ'മായിട്ടാണ് മാല പാര്‍വതി അഭിനയിച്ചത്. മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ'മാണ് മാല പാര്‍വതിയുടെ പുതിയ റിലീസ്.

'ടൈം' എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'ഇത് എന്ന മായം' എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. അഞ്‍ലി മേനോന്റെ സംവിധാനത്തിലുള്ള 'കൂടെ' അടക്കമുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. നൂറില്‍ അധികം സിനിമകളില്‍ ഇതുവരെയായി അഭിനയിച്ചിട്ടുണ്ട് മാല പാര്‍വതി. 'പ്രകാശൻ', 'ചൂളം', 'വാട്ടര്‍ ഒരു പരിണാമം', 'പദ്‍മ', 'ജ്വാലാമുഖി', 'ഗ്രാൻഡ്‍മാ', 'പാപ്പൻ', 'സൈലന്റ് വിറ്റ്‍നെസ്' തുടങ്ങി ഒട്ടേറെ ചിത്രത്തില്‍ മാല പാര്‍വതി അഭിനയിച്ച് ഇനി പ്രദര്‍ശനത്തിന് എത്താനുമുണ്ട്.

വിവിധ ടെലിവിഷൻ മാധ്യമങ്ങളില്‍ അവതാരകയായും മാല പാര്‍വതി ശ്രദ്ധേയയായിട്ടുണ്ട്. നാടക രംഗത്തിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ജ്യോതിഷ് സംവിധാനം ചെയ്‍ത 'സാഗരകന്യക' എന്ന നാടകത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിന്റെ ഭാഗമായിട്ടാണ് മാല പാര്‍വതി നാടകത്തില്‍ സജീവമാകുന്നത്. 'ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്' എന്ന നാടകത്തിന്റെ രചനയിലും മാല പാര്‍വതി പങ്കാളിയായിട്ടുണ്ട്.

'ഗ്രേസ് വില്ല' എന്ന ഹ്രസ്വ ചിത്രത്തില്‍ ചെയ്‍ത വേഷവും മാല പാര്‍വതിയുടേതായി ഏറെ ശ്രദ്ധ നേടിയിരുന്നു. ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്‍ത് 'ഗ്രേസ് വില്ല'യില്‍ 'സാല്ലി ഗ്രേസ്' എന്ന കഥാപാത്രമായിരുന്നു മാല പാര്‍വതിക്ക്. രേവതി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലേക്കും മാല പാര്‍വതിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 'സലാം വെങ്കി'യെന്ന ചിത്രത്തില്‍ കജോള്‍ ആണ് നായിക.

Post a Comment

0 Comments