Top News

കാവി സ്‌നേഹം തുറന്ന് പറഞ്ഞ് ഗവര്‍ണര്‍; മുസ്ലീമിന്റെ നിറം പച്ചയല്ല, ഏകസിവില്‍ കോഡ് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നിന്നില്ല

തിരുവനന്തപുരം: കാവിയോടുള്ള തന്റെ സ്‌നേഹവും സംഘ്പരിവാറിന്റെ രാഷ്ട്രീയ ആയുധങ്ങളിലൊന്നായ ഏക സിവില്‍കോഡിനുള്ള തന്റെ പിന്തുണയും തുറന്ന് പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. [www.malabarflash.com]

കാവി തനിക്ക് കണ്ണില്‍ കുളിര്‍മയേകുന്ന നിറമാണെന്നും പച്ച മുസ്ലിമിന്റെ നിറമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

ഏക സിവില്‍കോഡ് ആരുടേയും അവകാശവും സത്വവും ഹനിക്കാനല്ല. എല്ലാ വിഭാഗത്തിന്റേയും വിവാഹ നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. മുസ്ലിം വിഭാഗങ്ങളില്‍ എത്ര പേര്‍ കൃത്യമായി മഹര്‍ കൊടുക്കുന്നു. താന്‍ രാഷ്ട്രീയ ചര്‍ച്ചക്കില്ല. താന്‍ സംസാരിക്കുന്നത് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

ഹിജാബിനായി വാദിക്കുന്നത് മുസ്ലിം പെണ്‍കുട്ടികള്‍ മുന്നോട്ടുവരുന്നതിനെ എതിര്‍ക്കുന്നവരാണ്. ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നത്. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുസ്ലിം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post