Top News

ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ആറ് പ്രതികള്‍ അറസ്റ്റില്‍

ഹരിപ്പാട്: ആര്‍ എസ് എസ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഇടപ്പള്ളി തോപ്പില്‍ ശരത് ഭവനത്തില്‍ ചന്ദ്രന്റെ മകന്‍ ശരത് ചന്ദ്രനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്.[www.malabarflash.com] 

കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയില്‍ വീട്ടില്‍ ടോം പി തോമസ് (26), പൊത്തപ്പള്ളി കടൂര്‍ വീട്ടില്‍ വിഷ്ണു(29), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് നിഷ ഭവനത്തില്‍ കിഷോര്‍ കുമാര്‍ (കൊച്ചി രാജാവ്- 34), താമല്ലാക്കല്‍ പടന്നയില്‍ കിഴക്കതില്‍ ശിവകുമാര്‍ (25), എരിക്കാവ് കൊച്ചു പുത്തന്‍പറമ്പില്‍ സുമേഷ് (33), താമല്ലാക്കല്‍ പുളിമൂട്ടില്‍ സൂരജ് (20) എന്നിവരെയാണ് ഹരിപ്പാട് സി ഐ. ബിജു വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കേസിലെ മറ്റൊരു പ്രതിയായ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരില്‍ വടക്കേതില്‍ നന്ദു പ്രകാശ് (കരിനന്ദു -23) ഒളിവിലാണ്.

ബുധനാഴ്ച രാത്രി 12ഓടെയാണ് ശരത് ചന്ദ്രനെ അക്രമി സംഘം കുത്തിക്കൊന്നത്. കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍ കരി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്തിനെയും കൂട്ടുകാരനെയും പ്രതികള്‍ വഴിയില്‍ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ശരത്തിന്റെ സുഹൃത്ത് പുത്തന്‍വീട്ടില്‍ മനോജ് (24) പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

താലപ്പൊലി ഘോഷയാത്രക്കിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്നവര്‍ ഇടപെട്ടതാണ് പിന്നീട് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. 

പ്രദേശത്ത് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ ശരത് ഉള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ വിലക്കിയിരുന്നു. ഇവര്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്താനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിന്റെ വിരോധം കൂടി മനസില്‍ വച്ചാണ് ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പ്രതികള്‍ ശരത്തിനെയും സുഹൃത്തുക്കളെയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 

പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും ക്വട്ടേഷന്‍ ആക്രമണം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്നും ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post