NEWS UPDATE

6/recent/ticker-posts

മോഷ്ടിച്ചത് 68 ട്രാഫിക് ജംഗ്ഷനുകളിൽനിന്നായി 230-ലധികം ബാറ്ററികൾ, ദമ്പതികൾ പിടിയില്‍

ബെംഗളൂരു: കുറച്ചുകാലമായി ബെംഗളൂരു വിലുടനീളം ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് കൊണ്ടിരുന്ന മോഷ്ടാക്കളെ ഒടുവിൽ സിറ്റി പോലീസ് പിടികൂടി. കർണാടക സ്വദേശികളായ ദമ്പതികളാണ് പ്രതികൾ. 2021 ജൂണിനും 2022 ജനുവരിക്കും ഇടയിൽ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്നായി 230 -ലധികം ബാറ്ററികളാണ് അവർ മോഷ്ടിച്ചത്.[www.malabarflash.com]


സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷണം പോയത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. ചിക്കബാനാവര സ്വദേശികളായ മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തിയൊൻപതുകാരിയായ നസ്മ സിക്കന്ദറുമാണ്  അറസ്റ്റിലായത്. 

മോഷ്ടിച്ച ബാറ്ററികൾ കിലോഗ്രാമിന് 100 രൂപ നിരക്കിൽ അവർ വിൽക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ തങ്ങളുടെ സ്‌കൂട്ടറിൽ പുലർച്ചെ ട്രാഫിക് ജംഗ്‌ഷനുകളിൽ എത്തി ട്രാഫിക് സിഗ്നലിന്റെ ബാറ്ററികൾ മോഷ്ടിക്കുമായിരുന്നു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായതിൽ ആശങ്കാകുലരായ പോലീസ് അത് മോഷണം പോയതാണെന്ന് ആദ്യം അറിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാറ്ററികൾ മോഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.

നഗരത്തിന് ചുറ്റുമുള്ള ട്രാഫിക് ലൈറ്റുകളിൽ നിന്ന് വലിയ രീതിയിൽ ബാറ്ററികൾ മോഷണം പോകുന്നത് പോലീസിന് വലിയ തലവേദനയായി. ഇതോടെ അക്രമികളെ കണ്ടെത്താനുള്ള തീവ്രശ്രമം പോലീസ് ആരംഭിച്ചു. പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്തായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. ആദ്യം ദമ്പതികൾ അവിടെയെല്ലാം നിരീക്ഷിക്കാനായി സ്കൂട്ടറിൽ കറങ്ങി കൊണ്ടിരിക്കും.

പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം അവർ മോഷണം നടത്തും. സിസിടിവിയിൽ ക്യാമറയിൽ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ പതിയാതിരിക്കാൻ അവർ സ്കൂട്ടറിന്റെ ടെയിൽ ലൈറ്റുകൾ ഓഫ് ചെയ്യുമായിരുന്നു. 

2021 ജൂണിലാണ് ദമ്പതികൾ മോഷണം ആരംഭിക്കുന്നത്. സിക്കന്ദറിന് ഒരു ചായക്കടയുണ്ടായിരുന്നു. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് അത് പൂട്ടേണ്ടി വന്നതായി പൊലീസ് പറയുന്നു. പിന്നീട് സ്കൂട്ടറിൽ നടന്ന് ചായ വിൽക്കാൻ തുടങ്ങി. ഇങ്ങനെ ചായയുമായി സ്കൂട്ടറിൽ നടക്കുന്ന അയാളെ നിരവധി തവണ ട്രാഫിക് പോലീസുകാർ വേട്ടയാടിയതായി അയാൾ പറഞ്ഞു. ഒരിക്കൽ അയാളുടെ ഫ്ലാസ്ക്ക് വരെ പോലീസ് അടിച്ച് തകർത്തതായി അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തിൽ രോഷാകുലനായ സിക്കന്ദർ ട്രാഫിക് സിഗ്നലുകളിലെ ബാറ്ററികൾ മോഷ്ടിക്കാൻ പദ്ധതിയിട്ടു. “ഒരു രാത്രി, ഒരു ട്രാഫിക് സിഗ്നലിന്റെ ബാറ്ററി ബോക്സ് തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു. അതിൽ മൂന്ന് ബാറ്ററികളുണ്ടായിരുന്നു. ഞാൻ വേഗം അത് എടുത്തു. പിറ്റേന്ന് അവ ഒരു ആക്രി കടയിൽ ഞാൻ കിലോയ്ക്ക് 75 രൂപയ്ക്ക് വിറ്റു. മൂന്ന് ബാറ്ററികൾക്കും കൂടി 54 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അന്ന് എനിക്ക് 4,050 രൂപ ലഭിച്ചു" അയാൾ പോലീസിനോട് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച് ബെംഗളൂരുവിന് ചുറ്റുമുള്ള വിവിധ സിഗ്നലുകളിൽ 68 മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, പോലീസ് 300 -ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്കാൻ ചെയ്യുകയും 4,000 ഗിയർലെസ് സ്കൂട്ടറുകളുടെ രേഖകൾ പരിശോധിക്കുകയും, 300 -ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. മോഷണം പോയ വകയിൽ 20 ലക്ഷം രൂപയുടെ നഷ്ടമാണ് പോലീസ് വകുപ്പിന് ഉണ്ടായത്.

Post a Comment

0 Comments