NEWS UPDATE

6/recent/ticker-posts

ആഡംബര ബസുകൾ ആക്രി വിലക്ക് വിൽക്കാൻ പരസ്യം നൽകി ഉടമ; വില കിലോക്ക് 45 രൂപ മാത്രം

കൊച്ചി: കടബാധ്യതയും ഉദ്യോഗസ്ഥ പീഡനവും അസഹ്യമായ​തോടെ തന്റെ പക്കലുള്ള ആഡംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനുണ്ടെന്ന് പരസ്യം നൽകി ഉടമ. കൊച്ചി റോയൽ ടൂർസ് ഉടമ റോയ്സൺ ജോസഫാണ് ഫേസ്ബുക്കിൽ ബസ് വിൽക്കാനുണ്ടെന്ന് പോസ്റ്റ് ഇട്ടത്. 10 ബസുകളാണ് റോയ് വിൽക്കുന്നത്. കിലോക്ക് 45 രൂപ നൽകുന്ന ആർക്കും ബസ് വിൽക്കുമെന്നും ഇദ്ദേഹം പറയുന്നു.[www.malabarflash.com]


ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയായ കോൺട്രാക്‌ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേരള (സി.‌സി.‌ഒ‌.എ) വെള്ളിയാഴ്ച അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരെയാകെ തകർത്തതായി റോയ് പറയുന്നു. ഒന്നരവർഷത്തിനിടെ തന്റെ 20 ടൂറിസ്റ്റ് ബസുകളിൽ 10 എണ്ണവും വിറ്റു. ഈ ആഴ്ചയിലെ അവസാന നാല് ദിവസങ്ങളിൽ മൂന്നാറിലേക്ക് ട്രിപ്പ് ലഭിച്ചത് മൂന്ന് ടൂറിസ്റ്റ് ബസുകൾ മാത്രമാണ്. 'സാധാരണയായി ഫെബ്രുവരിയിൽ മൂന്നാറിലേക്കുള്ള റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ, ഈ പാത മുഴുവൻ വിജനമാണ്'-അദ്ദേഹം പറഞ്ഞു.

വായ്പാ തിരിച്ചടക്കാൻ പണം കണ്ടെത്തുന്നതിനാണ് റോയ്സൺ 10 ബസുകൾ കുറഞ്ഞ നിരക്കിൽ വിറ്റത്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പണമിടപാടുകാർ അവയിൽ ചിലത് പിടിച്ചെടുത്തതോടെ കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ എണ്ണം 14,000 ൽ നിന്ന് 12,000 ആയി കുറഞ്ഞുവെന്ന് സി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ പറഞ്ഞു. 'കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം ആയിരത്തിലധികം ബസുകൾ ബാങ്കുകളോ പണമിടപാട് നടത്തുന്നവരോ പിടിച്ചെടുത്തിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

'മാർച്ചിന് ശേഷമേ പിടിച്ചെടുത്ത ബസുകളുടെ കൃത്യമായ എണ്ണം വ്യക്തമാകൂ, എന്നാൽ അടുത്ത ഒരു മാസത്തിനകം 2000-3000 ടൂറിസ്റ്റ് ബസുകൾ ബാങ്കുകളും പണമിടപാടുകാരും അറ്റാച്ച് ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു'-ബിനു ജോൺ പറഞ്ഞു.

തൊഴിൽ നഷ്ടമാണ് ഈ രംഗത്ത് സംഭവിക്കുന്ന മറ്റൊരു വെല്ലുവിളി. ട്രാവൽ ഓപ്പറേറ്ററുടെ വരുമാനം കുത്തനെ ഇടിഞ്ഞതോടെ റോയ്സൺ ട്രാവൽസിൽ മാത്രം 50 ജീവനക്കാർ കമ്പനി വിട്ടു. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിനുശേഷം മൊറട്ടോറിയം കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും മിക്ക ബാങ്കുകളും ഈ സൗകര്യം നിർത്തിവച്ചതായി ബിനു പറഞ്ഞു.

Post a Comment

0 Comments