Top News

തൃക്കണ്ണാട് ആറാട്ട് ഞായറാഴ്ച; ആറാട്ടുകടവിലേക്ക് എഴുന്നള്ളത് വൈകുന്നേരം 4.30ന് പുറപ്പെടും

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന്റെ പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ 8 ന് പള്ളിയുണർത്തി നട തുറക്കും . ശനിയാഴ്ച പള്ളിവേട്ട കഴിഞ്ഞ് നിദ്രയ്ക്ക് ശേഷം ഏറെ വൈകിയാണ് ദേവൻ ഉണരുക. ഇതോടനുബന്ധിച്ച മട്ടയ്ങ്ങാനം കഴക പരിധിയിലെ കയ്യിൽ തറവാടിലെ അംഗം കണ്ണാടി കാട്ടുന്ന ചടങ്ങുമുണ്ട്.[www.malabarflash.com]


ആറാട്ടെഴുന്നള്ളത്ത് താന്ത്രിക വിധിയിൽ ഒരു തീർഥയാത്രയാണ്. അതിനാൽ യാത്രാഹോമം നടത്തിയാണ് നടയടക്കുക. വൈകുന്നേരം 4 ന് ശേഷം ഹവിസ്സുപൂജയും ആറാട്ടു ബലിയും കഴിഞ്ഞ് പുറത്തേക്കഴുന്നള്ളത്ത്. ബലിതൂവലിനു ശേഷം, മംഗള സ്നാനമായ ആറാട്ടിന് മുന്നോടിയായി
മഞ്ഞൾ, ഇളനീർ, പാൽ എന്നിവ ചേർത്ത മിശ്രിതം ദേവി ദേവന്മാർക്ക് ചാർത്തുന്ന 'ഓക്കുളി' ശേഷം ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളത്ത് പുറപ്പെടും. 

മൂവാളംകുഴി ചാമുണ്ഡി സന്നിധി, ദന്തപ്പടി, തെക്കോത്ത് തറവാട്, പാലക്കുന്ന് ക്ഷേത്രം, പാലക്കുന്ന് ഭണ്ഡാരവീട്, കരിപ്പോടിത്തറയിൽ വീടിന് സമീപത്തും ആറാട്ടുകടവിലും ബലിതൂവും.

ആറാട്ടുകടവിലേക്കുള്ള യാത്രയിൽ പാലക്കുന്നിൽ എത്തുമ്പോൾ കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനിക നർത്തകന്മാർ എഴുന്നള്ളത്തിനെ വരവേൽക്കും.

ആറാട്ട് ചടങ്ങുകളും മഹാപൂജയും കഴിഞ്ഞ് കരിപ്പോടി വനശാസ്താ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെ ദേവിദേവന്മാരുടെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത് തുടങ്ങും. വെടിത്തറക്കാൽ, പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജന മന്ദിരം എന്നിവിടങ്ങളിൽ ഹണ്ണുക്കായ്, ആരതി സ്വീകരിക്കും.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീടിന് മുൻപിൽ വെച്ച് അവിടത്തെ ആചാര സ്ഥാനിക നർത്തകന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. 

തൃക്കണ്ണാട് ക്ഷേത്ര പ്രവേശനത്തിൽ ദന്തപ്പടിയിൽ മേൽശാന്തി എതിരേൽക്കും. പാലക്കുന്ന് ക്ഷേത്രത്തിൽ നിന്ന് അനുഗമിച്ച ചീരുംബ നാൽവർ 'ദന്തപ്പടിയജ്ഞo' നടത്തും. തിടമ്പ് നൃത്തത്തിന് ശേഷം പുലർച്ചെ ഏഴ് ദിവസം നീണ്ട ഉത്സവം കൊടിയിറങ്ങും. പൂവും പ്രസാദവും പാലക്കുന്ന് ഭരണിയ്ക്ക് കൊടിയേറ്റാനുള്ള കമ്പയും കയറും പ്രതീകാത്മകമായി ഏറ്റുവാങ്ങി പാലക്കുന്നിൽ നിന്നുള്ള ആചാര സ്ഥാനികരും നർത്തകരും മടങ്ങും.

Post a Comment

Previous Post Next Post