Top News

ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം, അധ്യാപകര്‍ സ്‌കൂളില്‍ വരണം; സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്.[www.malabarflash.com]

ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.

കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരുന്നതും പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്. ഒന്നു മൂതല്‍ ഒമ്പതുവരെ കാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

സ്‌കൂള്‍തല എസ്.ആര്‍.ജി.കള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലില്‍ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും ഉറപ്പുവരുത്തണം.

സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതുമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാര്‍രേഖയില്‍ പറയുന്നു.

Post a Comment

Previous Post Next Post