ന്യൂഡല്‍ഹി: മുറിയില്‍ പ്രവർത്തിപ്പിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. സീമാപുരിയിലെ അപാര്‍ട്‌മെന്റിലെ അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മോഹിത് കാലിയ എന്ന ആളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.[www.malabarflash.com]
വീട്ടിനുള്ളില്‍ അബോധാവസ്ഥയിലാണ് അഞ്ചു പേരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പോലീസ് പറഞ്ഞു.
ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരി ഉയോഗിച്ചുള്ള 'അംഗിതി' എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. കഠിനമായ തണുപ്പ് കാരണം ഇത് മുറിയില്‍ കത്തിച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയില്‍ അടുപ്പില്‍നിന്നുള്ള വിഷവാതകം പടരുകയും അതു ശ്വസിക്കുകയും ചെയ്തതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
അമര്‍പാല്‍ സിങ് എന്ന ആളാണ് ഫ്‌ളാറ്റിന്റെ ഉടമസ്ഥനെന്നും മോഹിത് കാലിയയും ഭാര്യയും നാല് മക്കളും അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
0 Comments