NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ടെ എഴുത്തുകാരുടെ ഭാഷ അപൂര്‍ണ്ണമാണെന്ന ചിലരുടെ ധാരണ അബദ്ധം: ഡോ. എ.ടി മോഹന്‍ രാജ്

ഉദുമ: എം.എ റഹ്‌മാന്റെ എഴുത്തുകളിലെ ആഖ്യാന രീതിയും, അറേബ്യന്‍ കഥകള്‍ പോലെ മാന്ത്രികമായ ഒരു രീതിയില്‍ നിന്ന് തുടങ്ങി ഇന്നിന്റെ യഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവന്നുകൊണ്ടുള്ള കഥപറച്ചിലിലെ സൗന്ദര്യവും അനുപമമാണെന്ന് പ്രശസ്ത കലാചിന്തകന്‍ ഡോ. എ.ടി മോഹന്‍രാജ് പറഞ്ഞു.[www.malabarflash.com] 

ഡി.സി ബുക്ക്‌സ് പുറത്തിറക്കുന്ന പ്രൊഫ. എം.എ റഹ്‌മാന്റെ 'കിതാബ് മഹല്‍' എന്ന കഥാസമാഹാരം ഉദുമ മൂലയിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്റേതു മാത്രമായ പുരാവൃത്തങ്ങള്‍ സ്വീകരിച്ച് എഴുതുന്ന ഒരു എഴുത്തുകാരനാണദ്ദേഹം. വളരെ പ്രാദേശികമായ സ്വകാര്യ മിത്തുകളെ വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് അവതരിപ്പിച്ച എം.എ റഹ്‌മാന്റെ കഥകള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

കേവലമായ ഒരു ആഹ്ലാദത്തിന് വേണ്ടിയല്ല അദ്ദേഹം എഴുതുന്നത്. പ്രത്യേക തരത്തിലുള്ള മാന്ത്രികമായ രീതിയാണ് അദ്ദേഹത്തിന്റെ കഥകളുടെ ആദ്യപാതി. പിന്നീട് പെട്ടെന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്നതുപോലെ ഇവിടെത്തെ യാഥാര്‍ത്ഥ്യങ്ങള്‍ രേഖപ്പെടുത്തുന്നു. നിരീക്ഷരവാദമോ ദൈവനിഷേധമോ റഹ്‌മാന്റെ രചനകളിലില്ല. അതേസമയം പല കഥകളിലും അദ്ദേഹം പൗരോഹിത്യത്തെ കുറ്റവിചാരണ ചെയ്യുന്നുണ്ട്. 

വളരെ പ്രാദേശികമായ അനുഭവങ്ങളെ തന്റേതായ രീതിയില്‍ സമീപിക്കുകയും മുഖ്യാധാരാ ആഖ്യാനരീതിയില്‍ നിന്ന് വഴിമാറി പുതിയ ആഖ്യാന രീതി തുടര്‍ന്നുവരികയും ചെയ്ത എഴുത്തുകാരനണദ്ദേഹം. കാസര്‍കോട് ഒരു ഇടനാഴിയാണ്. ഈ ഇടനാഴി കേരളത്തിലാണോ എന്ന് ചോദിച്ചാല്‍ അല്ല. കര്‍ണാടകത്തിലാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. ഈ ഇടനാഴിയുടെ ഒരു സന്നിഗ്ധാവസ്ഥ ഈ പ്രദേശത്തെ സംസ്‌കാരങ്ങളിലും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. 

ഈ പ്രശ്‌നം ഇവിടെ സാഹിത്യ, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അനുഭവിക്കുന്നുമുണ്ട്. കാസര്‍കോട്ടെ ശ്രേഷ്ട ഭാഷ എന്ന് പറയുന്നത് അപൂര്‍ണ്ണവും മലിനവും സംസ്‌കാരവുമില്ലാത്തതാണെന്ന ധാരണ ഇവിടത്തുകാരല്ലാത്ത ചിലര്‍ക്കെങ്കിലുമുണ്ട്. ഈ ഇടനാഴിയില്‍ ഇരുന്നുകൊണ്ട് സാഹിത്യ സൃഷ്ടി നടത്തുന്നവര്‍ക്ക് ഒരുപാട് സങ്കീര്‍ണ്ണതകള്‍ അനുഭവിക്കേണ്ടിവരുന്നു. അത്തരമൊരു സങ്കീര്‍ണ്ണതയാണ് എം.എ റഹ്‌മാനും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

ഈ ഇടനാഴിയില്‍ ജീവിച്ച് സാഹിത്യത്തിലേക്ക് ഇറങ്ങിവരുമ്പോഴുണ്ടാവുന്ന ഒരു ആധി എല്ലാവര്‍ക്കുമുണ്ട്. അത് റഹ്‌മാനിലും കാണാം. എഴുത്ത് എന്ന് പറയുന്നത് തന്നെ വിടാതെ പിന്തുടരുന്ന ആധിയാണ് എം.എ റഹ്‌മാന്. ആധുനികത എന്ന രീതിയോടുള്ള വിയോജിപ്പും ആഖ്യാനത്തിലുള്ള പ്രത്യേകതയും റഹ്‌മാന്റെ എഴുത്തുകളെ ശ്രദ്ധേയമാക്കുന്നു.

രണ്ടു പ്രദേശങ്ങള്‍ക്കിടയില്‍ കിടക്കുന്ന പ്രദേശം മാത്രമല്ല, അധികാരത്തില്‍ നിന്ന് വളരെ അകലെ നില്‍ക്കുന്ന ഒരു പ്രദേശംകൂടിയാണ് കാസര്‍കോട്. തിരുവനന്തപുരത്ത് നിന്ന് ഇവിടെ അധികാരമെത്താന്‍ ഒരുപാടുനാളുകളെടുക്കുന്നു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തെത്തുമ്പോഴേക്കും അധികാരം ചോര്‍ന്നുപോകുന്നു എന്നതാണ് വാസ്തവം-മോഹന്‍രാജ് പറഞ്ഞു.

കഥാകൃത്തും ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവുമായ കെ.വി ശരത്ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. എ.എം. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.വി കുമാരന്‍ മാസ്റ്റര്‍, വി.വി പ്രഭാകരന്‍, എന്‍. സന്തോഷ് കുമാര്‍, രാധാകൃഷ്ണന്‍ പെരുമ്പള, എ.എസ് മുഹമ്മദ് കുഞ്ഞി, ടി.എ ഷാഫി, രവീന്ദ്രന്‍ പാടി, പി.വി. ജയന്തി ടീച്ചര്‍, സാഹിറ റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ മുകുന്ദന്‍ സ്വാഗതം പറഞ്ഞു.

എം.എ റഹ്‌മാന്‍ മറുമൊഴി നടത്തി. സന്തോഷ് പനയാല്‍, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, അബ്ബാസ് പാക്യാര, അബ്ദുല്ലകുഞ്ഞി ഉദുമ, മുജീബ് മാങ്ങാട്, അബ്ദുല്‍ഖാദര്‍ കോട്ടിക്കുളം, പിവി സുമതി ടീച്ചർ, ഷാജി, അസ്ഹറുദ്ദീന്‍ മൂലയിൽ, സമീർ മൂലയിൽ, അറഫാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments