NEWS UPDATE

6/recent/ticker-posts

ഷുഗറും പ്രഷറും പരിശോധിക്കാം, ഈ എ.ടി.എമ്മിൽ രക്ത പരിശോധനയ്ക്കും സൗകര്യം

കൊച്ചി: എ.ടി.എമ്മിൽ പോയി ഷുഗറും പ്രഷറുമൊക്കെ ഒന്ന് പരിശോധിച്ചാലോയെന്ന് ആരെങ്കിലും ചോദിച്ചാൽ അദ്‌ഭുതപ്പെടേണ്ട. പണമെടുക്കാൻ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എ.ടി.എം. സഹായിക്കും.[www.malabarflash.com]

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ.) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ഹെൽത്ത് എ.ടി.എം. ആരോഗ്യ മേഖലയിലെ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമാണ്. കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എമ്മാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

കാഴ്ചയിൽ എ.ടി.എം. പോലെയൊക്കെ തന്നെയാണിത്, പണമല്ല ഇതിൽനിന്ന് കിട്ടുന്നതെന്നു മാത്രം. ഷുഗറും പ്രഷറുമെല്ലാം പരിശോധിക്കാനും അകലെയുള്ള ആശുപത്രിയിലെ ഡോക്ടറുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നതിനുമെല്ലാം ഈ എ.ടി.എമ്മിനെ ഉപയോഗിക്കാം.

ഒരാൾക്ക് രക്ത പരിശോധന നടത്തണമെന്നിരിക്കട്ടെ. രക്തത്തിന്റെ സാമ്പിൾ എടുത്ത സ്ട്രിപ്പ് എ.ടി.എമ്മിലേക്ക് ഇടണം. നിമിഷങ്ങൾക്കകം പരിശോധനാ ഫലം കിട്ടും. ആരോഗ്യപ്രവർത്തകരോ പരിശീലനം നേടിയവരോ ആണ് ഹെൽത്ത് എ.ടി.എം. പ്രവർത്തിപ്പിക്കുക. ഒട്ടേറെ രോഗികൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം ഹെൽത്ത് എ.ടി.എം. ഉപകാരപ്രദമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തന്നെ പരിശോധനകൾ നടത്താനായാൽ രോഗികൾക്ക് ലാബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

രക്തസമ്മർദം, ഷുഗർ, ഇ.സി.ജി., ലിപിഡ് പ്രൊഫൈൽ തുടങ്ങി ഒട്ടേറെ പരിശോധനകൾ ഹെൽത്ത് എ.ടി.എം. വഴി ചെയ്യാം. ടൈഫോയ്ഡ്, മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ പരിശോധനയ്ക്കും ഈ എ.ടി.എം. ഉപയോഗപ്പെടുത്താം. പ്രവർത്തനം വിജയകരമെന്നു കണ്ടാൽ ഹെൽത്ത് എ.ടി.എം. മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

Post a Comment

0 Comments