Top News

സ്റ്റുഡന്റ്‌സ് പോലീസില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സ്റ്റുഡന്റ്‌സ് പോലീസില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എസ്പിസിയില്‍ ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.[www.malabarflash.com]


ഇത്തരം നടപടികള്‍ സേനയിലെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.

കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്റ്റുഡന്റ് പോലീസ് യൂണീഫോമായി ഹിജാബും ഫുൾക്കൈ വസ്ത്രവും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നല്‍കിയത്. എന്നാല്‍ ഹർജി തള്ളിയ ജസ്റ്റിസ്‌ വി വി കുഞ്ഞികൃഷ്‌ണൻ സർക്കാരിനെ സമീപിക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ കേരളത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.


ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.


Post a Comment

Previous Post Next Post