NEWS UPDATE

6/recent/ticker-posts

കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ അറസ്റ്റിൽ

മംഗളൂരു: രേഖകളില്ലാതെ തീവണ്ടിയിൽ കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.48 കോടി രൂപയുടെ കറൻസിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി യുവാവ് മംഗളൂരു റെയിൽവേ സംരക്ഷണസേനയുടെ പിടിയിലായി.[www.malabarflash.com]

രാജസ്ഥാൻ ഉദയ്‌പുർ സ്വദേശി മഹേന്ദ്രസിങ് റാവു(33)വിനെയാണ് മംഗളൂരു ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്സ്പ്രസ് മംഗളൂരു ജങ്‌ഷനിൽ എത്തിയപ്പോഴാണ് ഇയാളെ പിടിച്ചത്.

എസ് നാല് കോച്ചിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹേന്ദ്രസിങ്ങിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽനിന്ന് പഴയ പത്രക്കടലാസുകളിൽ പൊതിഞ്ഞ മൂന്ന്‌ ബണ്ടിൽ കറൻസികളും മൂന്ന്‌ പായ്ക്കറ്റ് സ്വർണാഭരണങ്ങളും കണ്ടെടുത്തത്. 2000 രൂപയുടെ 4330 നോട്ടുകളും 500 രൂപയുടെ 12,396 നോട്ടുകളുമാണ് കെട്ടുകളിലുണ്ടായിരുന്നത്. ഇത് മൊത്തം 1,48,58,000 രൂപവരും. മോതിരങ്ങൾ, ലോക്കറ്റുകൾ എന്നിവയടങ്ങിയ 800 ഗ്രാം സ്വർണാഭരണങ്ങളാണുണ്ടായിരുന്നത്. ഇതിന് വിപണിയിൽ 40 ലക്ഷം രൂപ വിലവരും.

കോഴിക്കോട് മേലേപാളയം റോഡിലുള്ള സുബഹ് ഗോൾഡ് എന്ന ജൂവലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്ന് മഹേന്ദ്രസിങ് മൊഴി നൽകി. മുംബൈയിലെ ഒരാളാണ് തനിക്കിത് കൈമാറിയതെന്നും ഇയാൾ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി മഹേന്ദ്രസിങ്ങിനെ മംഗളൂരു റെയിൽവേ പോലീസിന് കൈമാറി. പരിശോധനാസംഘത്തിൽ എസ്.ഐ. രാജീവ്, എ.എസ്.ഐ. ശശി, ചിത്രരാജ്, ഷാജിത്ത്, സഞ്ജീവ് കുമാർ എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments