NEWS UPDATE

6/recent/ticker-posts

മുറിയില്‍ ചോരപ്പാടുകള്‍, പ്രണയത്തെ എതിര്‍ത്തത് പ്രകോപിപ്പിച്ചു; സഹോദരി പോയത് വിസ്മയയുടെ ഫോണുമായി

പറവൂര്‍: വീട്ടിനുള്ളില്‍ യുവതിയെ വെന്തുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ സഹോദരിക്കായി പോലീസ് അന്വേഷണം തുടരുന്നു. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചതാരെന്നു വ്യക്തമായിരുന്നില്ല.[www.malabarflash.com]


ശിവാനന്ദന്റെ പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇതില്‍ വിസ്മയ ആണ് മരിച്ചതെന്നു കരുതുന്നു. മൃതദേഹത്തിലെ മാലയില്‍നിന്നു ലഭിച്ച ലോക്കറ്റ് അടിസ്ഥാനമാക്കി മാതാപിതാക്കളാണ് മരിച്ചതു വിസ്മയ ആണെന്ന് പറയുന്നത്.സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.

അതേസമയം, സഹോദരി ജിത്തുവിനെ കാണാനില്ല. ജിത്തുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജിത്തുവിന്റെ പ്രണയത്തെ എതിര്‍ത്തതാണ് പ്രകോപനം എന്നും സൂചനയുണ്ട്. സംഭവശേഷം ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.വിസ്മയയുടെ മൊബൈല്‍ ഫോണും എടുത്തിട്ടാണ് ജിത്തു കടന്നുകളഞ്ഞത്. ഈ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പുറത്തുപോയ സമയത്താണു സംഭവം. രണ്ടാമത്തെ മകള്‍ ജിത്തു രണ്ടു മാസമായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ഉച്ചയ്ക്ക് 12-ഓടെ മൂത്തമകള്‍ വിസ്മയ അമ്മയെ വിളിച്ച് എപ്പോള്‍ വരുമെന്നു തിരക്കിയിരുന്നു. രണ്ടു മണിക്കു വീണ്ടും വിളിച്ചു. മൂന്ന് മണിയോടെയാണ് വീടിനകത്തുനിന്നു പുക ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. കത്തിനശിച്ച രണ്ട് മുറികളില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. വാതിലിന്റെ കട്ടിളയില്‍ രക്തപ്പാടുകളുണ്ടായിരുന്നു. വീടിനുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.

സംഭവം നടന്ന വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ഇതിന്റെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടെങ്കിലും തീ പടരുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. തീപിടിത്തമുണ്ടായി ഏറെ താമസിയാതെ യുവതി രക്ഷപ്പെട്ടു സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കില്‍ ഇതിന് ആരുടെ എങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments