NEWS UPDATE

6/recent/ticker-posts

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്ഥാനമൊഴിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. അഡ്വക്കേറ്റ് വി എന്‍ അനില്‍കുമാര്‍ ആണ് സ്ഥാനമൊഴിഞ്ഞത്. തീരുമാനം പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ ജനറല്‍ ഓഫിസിനെ അറിയിച്ചു. നടന്‍ ദിലീപ് പ്രതിയായ കേസില്‍ നിന്നും ഒഴിവാകുന്ന രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് വി എന്‍ അനില്‍കുമാര്‍.[www.malabarflash.com]

വിചാരണക്കോടതി മാറ്റം നിരാകരിച്ചതോടെ ആദ്യ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് സുരേഷന്‍ രാജിവെച്ചിരുന്നു. കേസില്‍ പുനരന്വേഷണത്തിന് വേണ്ടി വിചാരണ മാറ്റിവെക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ വീണ്ടും പ്രതിസന്ധിയിലായി. 

സിബിഐ പ്രോസിക്യൂട്ടര്‍ ചുമതലയിലൊക്കെ പ്രവര്‍ത്തിച്ച ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകന്‍ കൂടിയാണ് വി എന്‍ അനില്‍ കുമാര്‍. തുടരന്വേഷണ നടപടികള്‍ക്കായി വിചാരണ തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂട്ടര്‍  രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 

ഇനിയുള്ള തുടര്‍ നടപടികളുണ്ടാവേണ്ടത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നാണ്. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാറിന് ഉടന്‍ കണ്ടെത്തേണ്ടി വരും. 

അതേസമയം കേസില്‍ വിചാരണ നിര്‍ത്തിവെക്കേണ്ടി വരുമെങ്കില്‍ സുപ്രിംകോടതിയുടെ അനുമതി തേടേണ്ടി വരും. കേസിലെ വിചാരണ നടപടികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോലിസ് വിചാരണ കോടതിയില്‍ അപക്ഷ നല്‍കിയത്. 

ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ നടന്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റേതെന്ന പേരില്‍ ചില ഓഡിയോ സംഭാഷണങ്ങളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. 

കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രന്‍ രംഗത്ത് എത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍. സംഭാഷണങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ അടക്കം ചേര്‍ത്ത് വിശദമായ പരാതി ഒരു മാസം മുന്‍പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി സന്ധ്യയ്ക്കും അടക്കം നല്‍കിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പുനരന്വേഷണത്തിനുളള സാധ്യത തേടിയത്.

Post a Comment

0 Comments