Top News

സഹോദരന്റെ വിവാഹവിരുന്നിന് ഭക്ഷണം ബാക്കിയായി; പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് യുവതി

കൊല്‍ക്കത്ത: പുത്തന്‍ വസ്ത്രങ്ങളും പ്രിയവിഭവങ്ങളുമൊക്കെയായി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അവസരങ്ങള്‍ സമ്മാനിക്കുന്നവയാണ് വിവാഹങ്ങള്‍. എന്നാല്‍ പല വിവാഹത്തിനും വിരുന്നുകള്‍ക്കും ശേഷം വലിയ അളവില്‍ ഭക്ഷണം പാഴായിപ്പോകാറുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുള്ള ലോകത്തിലാണ് ഇത്തരം പാഴാക്കലുകള്‍ നടക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം.[www.malabarflash.com]


എന്നാല്‍ വിവാഹവിരുന്നിന് മിച്ചംവന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഒരു യുവതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നിന്റെ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്തത്. പാപിയ കര്‍ എന്നാണ് ഇവരുടെ പേര്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് നീലാഞ്ജന്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. 

വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Post a Comment

Previous Post Next Post