NEWS UPDATE

6/recent/ticker-posts

കോഴിക്കോട്ടെ വഖഫ് സമ്മേളനം; മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾക്ക് എതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.[www.malabarflash.com]


വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. 

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എംഎൽഎ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീർ രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് മാർച്ചിൻ്റെ റൂട്ടടക്കം തീരുമാനിച്ചത്. എന്നിട്ട് പോലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്ന് എം കെ മുനീർ പ്രതികരിച്ചു.

അതേസമയം, വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച് കെ മുരളീധരന്‍ എം പി രംഗത്തെത്തി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. റാലിക്കിടെ ഉണ്ടായ ചില മുദ്രാവാക്യങ്ങളും തെറ്റായി. എന്നാല്‍ താലിബാനിസം എന്ന് പറഞ്ഞ് ലീഗിനെ കല്ലെറിയാന്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം. ''മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം''-അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു. സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി ഖേദ പ്രകടനം നടത്തുകയും ചെയ്തു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും അബ്ദുറഹിമാന്‍ കല്ലായി പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments