Top News

വരന് സിന്ദൂരം ചാർത്തി യുവതി, മന്ത്രം ചൊല്ലാൻ സ്ത്രീ പൂജാരിമാർ, വ്യത്യസ്തം ഈ വിവാഹം

ഈ വിവാഹ സീസണിൽ, വധുവിന്റെയും വരന്റെയും വിവാഹ വീഡിയോകളും ഫോട്ടോകളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറയുകയാണ്. ഹിന്ദു വിവാഹ വേളയിൽ, വധുവിനെ സിന്ദൂരം അണിയിക്കുന്ന ഒരു ചടങ്ങ് രാജ്യത്തെ പലയിടത്തും കാണാം. എന്നാൽ, ഈ ആചാരത്തെ മറ്റൊരു കോണിലൂടെ കാണാൻ ശ്രമിക്കുകയാണ് കൊൽക്കത്തയിൽ നിന്നുള്ള ദമ്പതികൾ. അവരുടെ ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാകുന്നത്.[www.malabarflash.com]

വധു ശാലിനി സെൻ തന്റെ വരൻ അങ്കൺ മജുംദാറിന്റെ നെറ്റിയിൽ സിന്ദൂരം തൊടുവിക്കുന്നതാണ് വീഡിയോ. കുറച്ച് ദിവസങ്ങൾക്കുമുമ്പ്, ബോളിവുഡ് നടൻ രാജ്കുമാർ റാവുവിന്റെയും പത്രലേഖയുടെയും വിവാഹസമയത്ത് സമാനമായ ഒരു സംഭവം ഉണ്ടായി. രാജ്കുമാറിന്റെ നെറ്റിയിൽ വധു പത്രലേഖ സിന്ദൂരം തൊടുവിക്കുന്നതായിരുന്നു അത്. ഇതിനെ അനുകരിച്ചാണ് ഇപ്പോൾ ഈ ദമ്പതികൾ വിവാഹത്തിനിടെ അന്യോനം സിന്ദൂരം ചാർത്തിയത്. കാലങ്ങൾ പഴക്കമുള്ള വിവാഹ ചടങ്ങുകൾക്ക് ഒരു പുതുമയാർന്ന ട്വിസ്റ്റ് കൊണ്ടുവന്നിരിക്കയാണ് അവർ.

ഡിസംബർ രണ്ടിനാണ് ശാലിനിയും അങ്കണും വിവാഹിതരായത്. വധുവിന്റെ സഹോദരി കൃതികയാണ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത ഈ 11 സെക്കന്റ് വീഡിയോയ്ക്ക് നിരവധി ലൈക്കുകൾ ലഭിച്ചു. കൗതുകകരമെന്നു പറയട്ടെ, ശാലിനിയും അങ്കണും വിവാഹിതരാകുന്ന ചടങ്ങിൽ മൂന്ന് സ്ത്രീ പൂജാരിമാരാണ് മന്ത്രം ചൊല്ലിയത്. സംസ്‌കൃതത്തിൽ മാത്രമല്ല, ബംഗ്ലാ ഭാഷയിലും വിവാഹ മന്ത്രങ്ങൾ അവർ ചൊല്ലി. വിവാഹത്തിൽ നിന്ന് കന്യാദാന ചടങ്ങ് ഒഴിവാക്കുകയും ചെയ്തിരുന്നു. പരസ്പരം സിന്ദൂരമണിഞ്ഞ അവർ സന്തോഷത്തോടെ ആലിംഗനം ചെയ്യുന്നതും വീഡിയോവിൽ കാണാം.

Post a Comment

Previous Post Next Post