NEWS UPDATE

6/recent/ticker-posts

പള്ളികളെ സമരവേദികളാക്കേണ്ടെന്ന് പറഞ്ഞതിന് എന്നെ ‘ജൂദാസ്’ എന്ന് വരെ വിളിച്ചു; ശംസുല്‍ ഉലമയെ പണ്ട് ‘അണ്ടനും അടകോടനു’മെന്ന് വിളിച്ചവരാണ്; അന്ന് എന്നെ ഒറ്റപ്പെടുത്തിയവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി; പഴയതെല്ലാം ഓര്‍മിപ്പിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വഖഫ് വിഷയത്തില്‍ ലീഗ് സൈബറിടങ്ങളില്‍ തനിക്കെതിരെ വ്യക്തിഹത്യ തുടരുന്നതിനിടെ തുറന്നടിച്ച് സമസ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളെ സമരവേദികളാക്കേണ്ടെന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ പലരും ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്നത് തന്റെ തീരുമാനമാണെന്ന പേരില്‍ പലരും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. താന്‍ ജൂദാസാണെന്ന് പറഞ്ഞു. ഇതിന് മുമ്പ് ശംസുല്‍ ഉലമയേയും ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ അണ്ടനെന്നും അടകോടനെന്നു വരെ പലരും വിളിച്ചിരുന്നു. അതല്ലാത്ത മോശം പരാമര്‍ശങ്ങളും അദ്ദേഹത്തിനെതിരെ പ്രയോഗിച്ചു. അന്ന് ശംസുല്‍ ഉലമ പറഞ്ഞത് അവരുടെ നന്‍മകളുടെ പ്രതിഫലങ്ങളെല്ലാം നമുക്ക് ലഭിക്കുമെന്നാണ്. 

പ്രതിഷേധം സംഘടിപ്പിക്കില്ല എന്നു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജമഅത്തുകാരും മുജാഹിദുമെല്ലാം വഖഫ് വിഷയം പള്ളിയില്‍ പറയാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അങ്ങനൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു. ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

പള്ളികളില്‍ വഖഫ് വിഷയം സംസാരിക്കേണ്ടതില്ലെന്ന് താന്‍ പറഞ്ഞതാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞു. ആദ്യം താന്‍ ഒറ്റക്ക് പറഞ്ഞതാണ് എന്ന് പറഞ്ഞ് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ ഒറ്റക്ക് പറഞ്ഞതല്ല. സംഘടനയുടെ സമുന്നതരായ നേതാക്കള്‍ ആശയവിനിമയം നടത്തി എടുത്ത തീരുമാനമാണ് അത്. പിന്നീട് എല്ലാവരും പറഞ്ഞു പറയേണ്ടതില്ല എന്ന്. അതിനിടക്ക് ജമഅത്തുകാരും മുജാഹിദുമെല്ലാം പള്ളിയില്‍ പറയണമെന്ന് പറഞ്ഞു. എന്നാല്‍, കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായിട്ടില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ ജിഫ്രി തങ്ങള്‍ തന്നെ നേരിട്ട് രംഗത്തുവന്നതോടെ മുസ്ലിം ലീഗ് നീക്കം പാളി. ഇതിന്റെ ജാള്യത മറക്കാന്‍ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തുകയും ആ റാലിയില്‍ ജിഫ്രി തങ്ങള്‍ക്ക് എതിരേ പരോക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments