Top News

രഞ്ജിത് ശ്രീനിവാസ് വധം; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]

മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരാരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം.

ഇവരില്‍ നിന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. പ്രതികള്‍ക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയത് ഇവരാണെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. ഇവര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തു നല്‍കിയത് കസ്റ്റഡിയിലുള്ളവരാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ.

ഞായറാഴ്ച പുലര്‍ച്ചെയാണ് 12 അംഗ സംഘം രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഭാര്യയുടേയും അമ്മയുടേയും മുന്നില്‍വെച്ചാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുപ്പതോളം മുറിവുകളാണ് രഞ്ജിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണം. തലയോട്ടി തകരുകയും തലച്ചേറിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. വലത് കാലില്‍ മാത്രം ആറ് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ബൈക്കുകളിലൊന്ന് മണ്ണഞ്ചേരി പൊന്നാടുനിന്നു കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്റെ വീടിനുസമീപമുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഈ വാഹനം പതിഞ്ഞിരുന്നു. കെ.എസ്. ഷാനിന്റെ കബറടക്കംനടന്ന പള്ളിയുടെ അടുത്തായാണു ബൈക്ക് കണ്ടെത്തിയത്. ചടങ്ങിനുവന്ന ആരുടെയെങ്കിലും വാഹനമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. ആരും എടുക്കാതായപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post