NEWS UPDATE

6/recent/ticker-posts

കോളേജ് വിദ്യാര്‍ത്ഥിനിയെ കാറില്‍ മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മംഗളൂരുവിലെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു.[www.malabarflash.com]


ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയടുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് 366, 354, 354 (ഒന്ന്) (ഐ) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 

തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് അഞ്ജിത ഒഴികെ മറ്റു നാലു പേര്‍ക്കെതിരെയുള്ള കുറ്റം. 

പെണ്‍കുട്ടി തന്റെ ഹോസ്റ്റല്‍ മുറിയില്‍ സുരക്ഷിതയാണെന്ന് ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ചതിനും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അഞ്ജിതയെ പ്രതി ചേര്‍ത്തത്. 

ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ വനിതാ എസ്.ഐ. അജിതയാണ് കേസന്വേഷിക്കുന്നത്. 

നവംബര്‍ 28ന് ഉച്ചയ്ക്ക് മംഗളൂരുവിലെ ഹോസ്റ്റലിലേക്ക് ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് പരിചയക്കാരിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയായ സന്ധ്യ സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ കുമ്പളയില്‍ ഇറക്കുന്നത്. തന്റെ കാമുകന്‍ കാറുമായി കുമ്പളയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും തനിക്ക് കൂട്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഇറങ്ങാന്‍ നിര്‍ബന്ധിച്ചത്. കാറിനടുത്തെത്തിയപ്പോള്‍ കാമുകനായ സന്ദീപിനെ കൂടാതെ അഖിലേഷ് എന്ന മറ്റൊരു യുവാവും ഉണ്ടായിരുന്നുവത്രെ. 

അഖിലേഷിന്റെ ചുവന്ന ഫോക്‌സ്‌വാഗന്‍ പോളോ കാറിന്റെ പിറകില്‍ സന്ധ്യ നിര്‍ബന്ധിച്ച് കയറ്റി. ഹോസ്റ്റലില്‍ വൈകിട്ട് പോകാമെന്നും മംഗളൂരുവിലെ മാനസ പാര്‍ക്കില്‍ പോയി വരാമെന്നും സന്ധ്യ പറഞ്ഞുവത്രെ. മറ്റൊരു പെണ്‍കുട്ടിയെക്കൂടി കൂട്ടിന് വിളിക്കണമെന്ന് നിര്‍ബന്ധിച്ചെങ്കിലും മംഗളൂരുവിലെ വിദ്യാര്‍ത്ഥി ജോണ്‍സനെ കയറ്റാനുണ്ടെന്നും കാറില്‍ സ്ഥലമില്ലെന്നും പറഞ്ഞുവത്രെ. 

പിന്നീട് ജോണ്‍സനെയും കൂട്ടി പുറപ്പെട്ട സംഘം നേരെ പോയത് സുള്ള്യയിലേക്കാണ്. അവിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം സംഘം നാരങ്ങ വെള്ളം നല്‍കി. മയങ്ങിപ്പോയ പെണ്‍കുട്ടി ഉണരുമ്പോഴാണ് മടിക്കേരിയിലെത്തിയതറിയുന്നത്. മടിക്കേരി കോട്ടയിലേക്കാണ് സംഘം കാറോടിച്ചു കയറ്റിയത്. പെണ്‍കുട്ടി ക്ഷീണം തോന്നി അവിടെ ഇരുന്നു. തിരിച്ചുപോകാമെന്ന് നിര്‍ബന്ധിച്ചെങ്കിലും ഇനി യാത്ര പുറപ്പെട്ടാല്‍ മംഗളൂരുവിലെത്താന്‍ രാത്രിയാകുമെന്ന് പറഞ്ഞ് വിലക്കി. 

ഏഴു മണിയോടെ മടിക്കേരി മൈസൂര്‍ ഹൈവേയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെത്തിച്ച സംഘം നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. അവശയായ പെണ്‍കുട്ടിയെ അഖിലേഷ് കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ തട്ടിമാറ്റി നിലവിളിച്ചു കൊണ്ട് പെണ്‍കുട്ടി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. 

ഇതേ സമയത്ത് പെണ്‍കുട്ടി ഹോസ്റ്റലില്‍ എത്തിയില്ലെന്നറിഞ്ഞ വീട്ടുകാര്‍ അന്വേഷിച്ച് പുറപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഫോണെടുത്ത് അവള്‍ ഉറങ്ങുകയാണെന്ന് പറഞ്ഞതിനാലാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. 

ഹോസ്റ്റലില്‍ പെണ്‍കുട്ടി ഇല്ലെന്ന് വീട്ടുകാര്‍ അറിഞ്ഞതോടെയാണ് കോഴിക്കോടുകാരിയായ അഞ്ജിത വീട്ടുകാരെ വിളിച്ച് പെണ്‍കുട്ടി തന്റെ താമസസ്ഥലത്തുണ്ടെന്ന് കള്ളം പറയുന്നത്. രണ്ടു പേരും രണ്ട് ടവര്‍ ലോക്കേഷന് കീഴിലാണെന്ന് വ്യക്തമായതോടെ അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ സംഘം രാത്രി 11 മണിക്ക് പെണ്‍കുട്ടിയെ കൂട്ടി മടിക്കേരിയില്‍ നിന്നും പുറപ്പെട്ടു. പുലര്‍ച്ചെ 2 മണിക്ക് മംഗലാപുരം കദ്രിയിലെ അഞ്ജിതയുടെ താമസസ്ഥലത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടികളെ വലയില്‍ പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘമാണിതെന്ന് പോലീസ് സംശയിക്കുന്നു. പോലീസിന്റെയും വീട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

Post a Comment

0 Comments