Top News

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസ്സുകാരന്‍ ബസ് കയറി മരിച്ചു

തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് മാതാപിതാക്കളുടെ കണ്‍മുന്നില്‍ ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് 'ശ്രീഹരി'യില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തില്‍ മരിച്ചത്.[www.malabarflash.com] 

പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് അഞ്ചാം വയസ്സില്‍ നഷ്ടമായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീഹരിക്ക് നാല് വയസ്സ് തികഞ്ഞത്.

പാളയം-ബേക്കറി റോഡിലായിരുന്നു അപകടം. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പാളയത്തെ ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം.

കുഞ്ഞ് അപകടത്തില്‍പ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു.കുഞ്ഞിനെയും ഇവരെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി.ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്. പെയിന്റിങ് പണിക്കാരനാണ് ബിജു.

Post a Comment

Previous Post Next Post