Top News

ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: മൂക്കന്നൂര്‍ കാരമറ്റം ഇടതുകര കനാലില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടന്‍ വീട്ടില്‍ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ ( 43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കഴിഞ്ഞ 24-ന് രാത്രിയാണ് പാലിശേരി സദേശികളായ സനല്‍ (32), തോമസ് (50) എന്നിവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കനാലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ഇവര്‍. എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്നിയെ പിടിക്കാന്‍ ബേബിയും ജിജോയും കൂടി അനധികൃതമായി നിര്‍മ്മിച്ച ഇലക്ട്രിക് സംവിധാനത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതാണെന്ന് കണ്ടെത്തിയത്.

കനാലില്‍ മരക്കുറ്റി അടിച്ച് കമ്പി വലിച്ചു കെട്ടി അതിലേക്ക് ഇലക്ട്രിക് ലൈനില്‍ നിന്ന് കണക്ഷന്‍ കൊടുത്താണ് കെണി ഒരുക്കിയിരുന്നത്. വൈകിട്ട് കണക്ഷന്‍ നല്‍കുകയും പുലര്‍ച്ചെ വിച്ഛേദിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. കണക്ഷന്‍ കൊടുത്ത വയറും കമ്പിയും മറ്റും പോലീസ് കണ്ടെടുത്തു. 

അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോണ്‍, എ.എസ്.ഐമാരായ റജിമോന്‍, പി.വി ജോര്‍ജ്, എസ്.സി.പി.ഒ സലിന്‍ കുമാര്‍, സി.പി.ഒമാരായ ബെന്നി ഐസക്ക്, വിജീഷ്, മഹേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post