Top News

വൈദ്യുത ലൈനുമായി കൂട്ടിയിടിച്ച വിമാനം തകർന്നുവീണു; ബ്രസീലിയൻ ഗായിക മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെന്തോൻസ (26) വിമാനാപകടത്തിൽ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച സംഗീതപരിപാടിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിൽനിന്നാണു വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ കണ്ടെടുത്തത്.[www.malabarflash.com]

റിയോ ഡി ജനീറോയുടെ വടക്ക് സ്ഥിതി ചെയ്യുന്ന, മെന്തോൻസയുടെ ജന്മനാടായ ഗോയാനിയയ്ക്കും കാരറ്റിംഗയ്ക്കും മധ്യേയാണ് വിമാനം തകർന്നതെന്നാണു റിപ്പോർട്ടുകൾ. വിമാനം വൈദ്യുതലൈനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മെന്തോൻസയുടെ മരണത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ അനുശോചനം രേഖപ്പെടുത്തി. ആരാധകരും സംഗീത, കായിക മേഖലയിലെ പ്രമുഖരും സമൂഹമാധ്യമങ്ങൾ വഴി ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.

ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ പ്രചാരകയാണ് മെന്തോൻസ. ഇവർക്ക് യുട്യൂബിൽ 2 കോടി ഫോളോവേഴ്സുണ്ട്. 2019ൽ 'എം തൊഡോസ് ഒസ് കാന്റോസ്' എന്ന ആൽബത്തിന് മികച്ച സെർതനേഷോ ആൽബത്തിനുള്ള ലാറ്റിൻ ഗ്രാമി പുരസ്കാരം മെന്തോൻസയെ തേടിയെത്തി. ഈ വർഷവും അതേ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post