Top News

വിദ്വേഷവും വര്‍ഗീയതയും പ്രചരിക്കുമ്പോള്‍ ക്ഷമയും പക്വതയും മുറുകെപ്പിടിക്കണം: കാന്തപുരം

കോഴിക്കോട്:അസത്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ച് വിദ്വേഷവും വര്‍ഗീയതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ക്ഷമയും പക്വതയും മുറുകെപ്പിടിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പൊതുസമൂഹം തയാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.[www.malabarflash.com]

 ‘1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങള്‍’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാന്തപുരം

മുസ്ലിംകള്‍ ഹലാലായ ഭക്ഷണം മാത്രമേ ഭക്ഷിക്കുകയുള്ളൂവെന്നത് പുതിയ കാര്യമല്ല. ഇത് തുടരെ പറഞ്ഞ് പരിഹസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും ഭക്ഷണം മുസ്ലിമിന് ഭക്ഷിക്കാന്‍ പാടില്ല. ശരിയായ രീതിയില്‍ അറവ് നടത്തിയ ഭക്ഷണം ലഭിക്കുമെന്ന് സൂചിപ്പിക്കാന്‍ പല ഹോട്ടലുകളും ഹലാല്‍ ബോര്‍ഡുകള്‍ വെക്കാറുണ്ട്. മുസ്ലിം ഹോട്ടലുകളില്‍ ഇതര മതസ്ഥരായ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ മത വിദ്വേഷകര്‍ പറയുന്നതു പോലെ പ്രത്യേക രീതിയിലൊന്നുമല്ല ഭക്ഷണം പാചകം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കാന്തപുരം പറഞ്ഞു.

പൂര്‍വിക മുസ്ലിം നേതാക്കള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ധാരാളം അധ്വാനിച്ചവരാണ്. ആ ചരിത്രങ്ങളെല്ലാം മാറ്റിമറിച്ച് മുസ്ലിംകള്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ പങ്കില്ലെന്ന് പറയാനുള്ള ശ്രമം വിലപ്പോകില്ലെന്നും കാന്തപുരം വ്യക്തമാക്കി. 1921 ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് അഞ്ച് വിഷയങ്ങളിലും അനുബന്ധ പ്രമേയങ്ങളിലും ഊന്നിയായിരുന്നു അക്കാദമിക് കോണ്‍ഫറന്‍സ്. ഇന്നലെ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന അക്കാദമിക് കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ജെ വിന്‍സന്റ്, ഡോ. കെ എസ് മാധവന്‍, ഡോ. ശിവദാസന്‍, മുസ്തഫ പി എറയ്ക്കല്‍, ഡോ. നുഐമാന്‍, ഉമൈര്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, റഹ്‌മത്തുല്ല സഖാഫി എളമരം, വി പി എം ബഷീര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എം എം ഇബ്റാഹീം, എം അബൂബക്കര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post