NEWS UPDATE

6/recent/ticker-posts

മൊഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പിടിയിലായി

ആലുവ: ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതര്‍ പിടിയിലായി.മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്.[www.malabarflash.com]


കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.

അതേ സമയം സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ രാത്രി പത്ത് മണിവരെ സിഐ ഔദ്യോഗിക ചുമതലയിലുണ്ടായിരുന്നുവെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആരോപിച്ചു. പരാതി ബോധിപ്പിക്കാനെത്തിയ മകളെ സിഐ അവഹേളിച്ചുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

2021 ഏപ്രില്‍ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. സത്കാരം ജനുവരിയില്‍ നടത്താമെന്നും ധാരണയായി. ഭര്‍ത്തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. അധികം വൈകാതെ തിരിച്ച് വീട്ടിലെത്തിയ യുവതി മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. മുത്തലാഖ് ചെയ്‌തെന്ന് കാണിച്ച് ഭര്‍ത്തൃവീട്ടുകാര്‍ നല്‍കിയ കത്ത് സ്വീകരിക്കാതെ മടക്കിയയച്ചു.

ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പീഡനത്തെ സംബന്ധിച്ച് മൊഫിയ ഒരുമാസം മുന്‍പ് ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. ചൊവ്വാഴ്ച ആലുവ സി.ഐ.യുടെ സാന്നിധ്യത്തില്‍ ഇരു വീട്ടുകാരുമായും മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടയില്‍ സി.ഐ. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

പരാതിക്കാരിയെ ഭര്‍ത്തൃവീട്ടുകാരുടെ മുന്‍പില്‍വെച്ച് അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിവന്ന യുവതി ഒറ്റയ്ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു. വീട്ടുകാര്‍ വിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ വഴി നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ് മൊഫിയ.

Post a Comment

0 Comments