NEWS UPDATE

6/recent/ticker-posts

അനയ് ശിവന് റെക്കോര്‍ഡ്; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാസർകോട്: പിലിക്കോട്ടെ ബിനീഷ്, ജീന ബിനീഷ് ദമ്പതികളുടെ മകനായ അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. 30 സെക്കന്‍ഡില്‍ 200 പഞ്ച് ചെയ്താണ് ഈ റെക്കോര്‍ഡ് നേടിയത്. ഈ നേട്ടം കൈവരിച്ച് ഏഷ്യയില്‍ തന്നെ ഒന്നാമനായിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. നേരത്തെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ ഒന്‍പത് വയസുകാരന്‍.[www.malabarflash.com]

ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണിക്കാനുള്ള അവസരവും അനയ്ന് ലഭിച്ചു. അനയുടെ നേട്ടങ്ങളേയും സാമൂഹിക പ്രതിബദ്ധതയേയും അകമഴിഞ്ഞ് അഭിനന്ദിച്ച മുഖ്യമന്ത്രി മറ്റ് വിശേഷങ്ങളൊക്കെ ചോദിച്ചതിന് ശേഷം എല്ലാവിധ ആശംസയും പിന്തുണയും അറിയിച്ചാണ് കുട്ടിയേയും കുടുംബത്തേയും തിരിച്ചയച്ചത്. 

നാല് വയസ്സ് മുതല്‍ തൈക്കോണ്ടോ അഭ്യസിച്ച് തുടങ്ങിയ അനയ് ഗോവയില്‍ നടന്ന നാഷണല്‍ തൈക്കോണ്ടോ മത്സരത്തിലെ ഗോള്‍ഡ് മെഡല്‍ ജേതാവാണ്. സംസ്ഥാനതലത്തിലും നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ആര്‍ച്ചറിയിലും മെഡല്‍ ജേതാവാണ്. രണ്ട് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള അനയ് സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി ഒരുക്കിയ വീഡിയോയ്ക്ക് പല തലങ്ങളില്‍ നിന്നുള്ള അനുമോദനങ്ങള്‍ നേടിയിരുന്നു. 

പുതുതായി ഒരു സിനിമയിലും അഭിനയിക്കാനിരിക്കുന്ന അനയ് വെള്ളപ്പൊക്കം മൂലം ദുരിതത്തിലായവര്‍ക്ക് നല്‍കാനായി തന്റെ പുതിയ വസ്ത്രങ്ങളും സമ്പാദൃകുടുക്കയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തും ആളുകളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

പറക്കമുറ്റും മുന്‍പേയുള്ള അനയിന്റെ സഹജീവി സ്നേഹവും സാമൂഹ്യപ്രതിബദ്ധതയും അറിയാനിടയായ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും നേരില്‍ കണ്ട് അയിന് ഉപഹാരം സമ്മാനിച്ചിരുന്നു. പയ്യന്നൂര്‍ ചിന്മയവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീടിനും നാടിനും വിദ്യാലയത്തിനും അഭിമാനമായ അനയ് ശിവന്‍.

Post a Comment

0 Comments