Top News

ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ 'മെറ്റ' എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

കാലിഫോർണിയ: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.[www.malabarflash.com]


കമ്പനിയുടെ മാർക്കറ്റ് പവർ, അൽഗരിതം തീരുമാനങ്ങൾ, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം.

കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ പേര് മെറ്റാവേർസ് നിർമ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ, തങ്ങളുടെ ബ്രാൻഡിന്റെ പേര് ഒരു ഉൽപ്പന്നത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ആശാസ്യമല്ല.

ഈ മാറ്റം തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. അതേസമയം അതിന്റെ കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇൻഫിനിറ്റി ഷേപ്പ് നൽകുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡിസ്റ്റോപ്പിയൻ നോവലിൽ ആദ്യമായി ഉരുത്തിരിഞ്ഞതാണ് മെറ്റാവേഴ്സ് എന്ന പദം. വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് എത്തിപ്പെടൽ സാധ്യമാകുന്ന, പങ്കുവയ്ക്കപ്പെടുന്ന വെർച്വൽ പരിതസ്ഥിതി എന്ന ആശയത്തെയാണ് മെറ്റാവേഴ്സ് വിശാലമായി പ്രതിനിധീകരിക്കുന്നത്.

Post a Comment

Previous Post Next Post