Top News

കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ; ഒപ്പം താമസിച്ച ആള്‍ക്ക്‌ ഗുരുതരപരുക്ക്

കോയമ്പത്തൂർ: ലോഡ്ജ് മുറിയിൽ മലയാളി സ്ത്രീയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലും കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു( 46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുസ്തഫയെയാണ് മുറിവേറ്റ നിലയിൽ കണ്ടത്.[www.malabarflash.com] 

കഴിഞ്ഞ 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിൽ ഗാന്ധിപുരം ക്രോസ്കട്ട് റോഡ് അഞ്ചാമത് വീഥിയിലെ ലോഡ്ജിൽ മുറിയെടുത്തത്.

രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാൽ വാതിൽ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉൾപ്പെടെ മുറിവുകളുണ്ടായിരുന്നു. മുറിയിൽ നിന്ന് വിഷം കണ്ടെടുത്തു. 

ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേൽപിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് വിനോദ് കോഴിക്കോട് പോലീസിൽ പരാതി നൽകി.

ജൂലൈ 19 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിലാണ് ചാലപ്പുറത്തെ ധനകാര്യ സ്ഥാപന ശാഖയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ ഗാന്ധിപുരത്ത് ലോഡ്ജിൽ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും ബാങ്കിൽ താൽക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ്. 

പോലീസും ബന്ധുക്കളും ഇന്ന് കോയമ്പത്തൂരിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. മുസ്തഫയും വിവാഹിതനാണ്. കാക്കൂരിൽ വാടക വീട്ടിലാണ് താമസം. ബിന്ദുവിന് 12 വയസ്സായ മകനുമുണ്ട്.

Post a Comment

Previous Post Next Post